ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ വരള്‍ച്ച ബാധിത പ്രദേശമായ ബുന്തല്‍ഖണ്ടിലേക്ക് വെള്ളം നിറച്ച ട്രെയിന്‍ അയക്കാമെന്ന കേന്ദ്രത്തിന്റെ വാഗ്ദാനം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിരസിച്ചു.
ലാത്തൂരിലേതുപോലുള്ള പ്രശ്‌നങ്ങള്‍ തങ്ങള്‍ക്ക് ഇവിടെയില്ലെന്ന് റെയില്‍വേമന്ത്രിയ്ക്കയച്ച കത്തില്‍ അഖിലേഷ് യാദവിന്റെ സര്‍ക്കാര്‍ വ്യക്തമാക്കി.
വെള്ളം ആവശ്യമാണെന്ന് തോന്നുന്ന ഘട്ടത്തില്‍ റെയില്‍വേയുമായി ബന്ധപ്പെട്ടോളാമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
താങ്കള്‍ ആവശ്യപ്പെടാതെയാണ് കേന്ദ്രം ട്രെയിന്‍ വഴി ജലം എത്തിക്കാമെന്ന വാഗ്ദാനവുമായി രംഗത്തെത്തിയതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
എന്നാല്‍ കേന്ദ്രത്തില്‍ നിന്നും സഹായം സ്വീകരിക്കുന്നത് വോട്ടുചോര്‍ച്ചയ്ക്ക് കാരണമാകുമെന്ന ഭയത്താലാണ് അത് നിരസിച്ചതെന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു.
ടാങ്കര്‍ലോറികളിലായാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ വരള്‍ച്ചാ ബാധിത മേഖലകളില്‍ വെള്ളം എത്തിച്ചുകൊണ്ടിരിക്കുന്നത്. ട്രെയിനുകളില്‍ വെള്ളം എത്തിക്കുമ്പോള്‍ അവ വാട്ടര്‍ ടാങ്കുകള്‍ വഴി ദൂരസ്ഥലങ്ങളിലേക്ക് എത്തിക്കേണ്ടി വരുന്നത് കൂടുതല്‍ വിഷമകരമാണെന്നാണ്
അധികൃതര്‍ വ്യക്തമാക്കുന്നത്.
നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് വരള്‍ച്ചാബാധിത ഗ്രാമങ്ങളില്‍ ജലവിതരണം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ക്രഡിറ്റ് നേടിയെടുക്കാന്‍ വേണ്ടി ചില ബി.ജെ.പി നേതാക്കള്‍ കേന്ദ്രത്തോട് സഹായം അഭ്യര്‍ത്ഥിച്ച് ട്രെയിനില്‍ വെള്ളം എത്തിക്കാന്‍ ശ്രമം നടത്തുകയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ആരോപിക്കുന്നു.