ലഖ്‌നൗ: വിദ്യാര്‍ത്ഥികളെ വെള്ളിയാഴ്ച നമസ്‌കാരത്തിന് അനുവദിച്ചതിന് പ്രൈമറി സ്‌കൂള്‍ പ്രിന്‍സിപ്പാളിന് സസ്‌പെന്‍ഷന്‍.
ലഖ്‌നൗവിലെ താക്കൂര്‍ ഗഞ്ച് ഏരിയയിലെ നേപ്പിയ റോഡിലുള്ള പ്രൈമറി സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ മീര യാദവിനെയാണ് 1999ലെ ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ സര്‍വന്റ് ചട്ടപ്രകാരം ഒക്ടോബര്‍ 21ന് സസ്‌പെന്‍ഡ് ചെയ്തത്.
സ്‌കൂള്‍ പരിസരത്ത് വിദ്യാര്‍ത്ഥികള്‍ നമസ്‌കരിക്കുന്നതിന്റെ വീഡിയോ വന്‍തോതില്‍ പ്രചരിച്ചതിനു പിന്നാലെയാണ് നടപടി.
വ്യാപകമായി ചിത്രം പ്രചരിച്ചതോടെ ഹിന്ദുത്വ സംഘടനകള്‍ സ്‌കൂളിലെത്തുകയും പ്രിന്‍സിപ്പാളുമായി തര്‍ക്കിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ലഖ്‌നൗവിലെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണമാരംഭിച്ചു. ബ്ലോക്ക് എഡുക്കേഷന്‍ ഓഫീസര്‍ ദിനേശ് കത്തിയാറിന്റെ അന്വേഷണത്തില്‍ സര്‍വീസ് ചട്ടപ്രകാരം അശ്രദ്ധ കാണിച്ചതിന് യാദവിനെ സസ്‌പെന്‍ഡ് ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
വകുപ്പ്തല മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി ചില വിദ്യാര്‍ത്ഥികള്‍ ലഖ്‌നൗ പ്രൈമറി സ്‌കൂളില്‍ നമസ്‌കാരം നടത്തിയതായി ലഖ്‌നൗ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ ഐ.എ.എന്‍.എസിനോട് പറഞ്ഞു. ഇത് സ്‌കൂളിലെ മറ്റധ്യാപകരും സ്ഥിരീകരിച്ചിട്ടുണ്ട്.കൂടാതെ പ്രിന്‍സിപ്പാളിനൊപ്പം സഹകരിച്ച മറ്റ് രണ്ട് അധ്യാപകരായ തഹസീബ് ഫാത്തിമ,മമത മിശ്ര എന്നിവര്‍ക്കെതിരെയും വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് കുമാര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
വെള്ളിയാഴ്ച നമസ്‌കാരത്തിന് വിദ്യാര്‍ത്ഥികള്‍ വീട്ടിലേക്ക് പോയാല്‍ മടങ്ങിവരാത്തത് കൊണ്ടാണ് സ്‌കൂളില്‍ നമസ്‌കാരത്തിന് അനുവദിച്ചതെന്ന് അധ്യാപകര്‍ പറഞ്ഞു. സ്‌കൂളില്‍ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും മുസ്ലീങ്ങളാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
content highlight: Uttar Pradesh Principal suspended for allowing students to do namaz inside school