| Tuesday, 28th May 2019, 10:41 am

മോദി വീണ്ടും അധികാരത്തിലെത്തിയതോടെ സംഘപരിവാര്‍ അണികളുടെ അതിക്രമം അതിരുകടക്കുന്നു: നാടുവിടാനൊരുങ്ങി ബുലന്ദ്ശഹറിലെ മുസ്‌ലീങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബുലന്ദ്ശഹര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ രണ്ടാമതും അധികാരത്തിലെത്തിയ സാഹചര്യത്തില്‍ ഭീതിയിലാണ് യു.പിയിലെ ബുലന്ദ്ശഹര്‍ ജില്ലയിലെ നയാ ബാന്‍സിലെ മുസ്‌ലീങ്ങള്‍. തങ്ങളുടെ സ്വത്തുക്കളും സമ്പാദ്യങ്ങളുമെല്ലാം ഉപേക്ഷിച്ച് നാടുവിടുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണിവര്‍.

4000ത്തോളം ജനസംഖ്യയുള്ള ഇവിടെ 450 മുസ്‌ലീങ്ങളാണുള്ളത്. ബുലന്ദ്ശഹറില്‍ പൊലീസ് ഇന്‍സ്‌പെക്ടറും ഒരു പൗരനും കൊല്ലപ്പെട്ട കലാപത്തിലെ മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന ബജ്രംഗദള്‍ ജില്ലാ കണ്‍വീനറായ യോഗേഷ് രാജിന്റെ സ്വദേശം കൂടിയാണ് ഈ ഗ്രാം.

ബി.ജെ.പിയുമായി ബന്ധമുള്ള ഹിന്ദുക്കള്‍ ജയ് ശ്രീറാം, ഭാരത് മാതാ കി ജയ് മുദ്രാവാക്യങ്ങള്‍ വിളിച്ച് പടക്കം പൊട്ടിച്ച് ആഘോഷിക്കുകയും ഡി.ജെ നടത്തുകയും ചെയ്തതിനു പിന്നാലെ ഭീതിയിലാണ് പ്രദേശത്തെ മുസ്‌ലീങ്ങള്‍. നാടുവിടാന്‍ ആഗ്രഹിക്കുന്ന ഒരുപാട് ആളുകളുണ്ട് ഇവിടെ. പലര്‍ക്കും ജീവിക്കാന്‍ മറ്റുവഴിയില്ലാത്തതിനാല്‍ അവിടെ തുടരുകയാണെന്ന് ന്യൂസ് ക്ലിക്ക് റിപ്പോര്‍ട്ടു ചെയ്യുന്നു.

ഏതെങ്കിലും മുസ്‌ലിം ഭൂരിപക്ഷ മേഖലയിലേക്ക് കുടിയേറാനാണ് ആലോചിക്കുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ‘ കാര്യങ്ങള്‍ ഒരുപാട് മാറി. ആരോടെങ്കിലും എന്തെങ്കിലും പറയാന്‍ തന്നെ ഞങ്ങള്‍ക്ക് പേടിയാണ്. ഞങ്ങളുടെ കുട്ടികള്‍ നല്ല പേടിയിലാണ്. വീടിനു പുറത്തിറങ്ങാന്‍ പോലും അവര്‍ക്ക് പേടിയാണ്. ഹബീബുര്‍ റഹ്മാന്‍, ജബ്ബാര്‍, അജിസ് അഹമ്മദ് തുടങ്ങി ഒരു ഡസനോളം മുസ്‌ലിം കുടുംബങ്ങള്‍ പേടികൊണ്ട് ഇവിടംവിട്ട് ദാസ്‌ന, മസൂരി മേഖലയിലേക്ക് മാറി. അവര്‍ വാടക വീട്ടിലോ ബന്ധുക്കളുടെ വീട്ടിലോ ആണ് താമസിക്കുന്നത്. ഞങ്ങളും വീട് വിറ്റ് മറ്റെവിടെയെങ്കിലും മാറാന്‍ ആലോചിക്കുകയാണ്.’ എന്നാണ് പ്രദേശവാസിയായ ഹുസൈന്‍ പറയുന്നത്. ഗോഹത്യ കേസില്‍ തെറ്റായി പ്രതിചേര്‍ത്തതിന്റെ പേരില്‍ അദ്ദേഹത്തിന് 16 ദിവസം ജയിലില്‍ കഴിയേണ്ടി വന്നിരുന്നു.

‘ഫലം പ്രഖ്യാപിക്കുന്ന ദിവസം ഞങ്ങള്‍ പള്ളികളില്‍ പ്രാര്‍ത്ഥനയിലായിരുന്നു. പെട്ടെന്ന്, 250ലേറെ പേര്‍ പള്ളിയുടെ പുറത്ത് പടക്കംപൊട്ടിച്ചു. ഞങ്ങള്‍ റംസാന്‍ പ്രാര്‍ത്ഥനയിലായിരിക്കുമെന്ന് അവര്‍ക്ക് അറിയാം. എന്നിട്ടും അവരത് ചെയ്തു. ഇവര്‍ എന്‌റെ വീടിനു പുറത്ത് കൂടി നിന്ന് ഡി.ജെ നടത്തിയതോടെ സഹിക്കാവുന്നതിനും അപ്പുറമായി. ഒരു മണിക്കൂറോളമാണ് അവര്‍ അവിടെ നിന്നത്.’ ഹുസൈന്‍ പറയുന്നു. തനിക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും അദ്ദേഹം പറയുന്നു.

ഗ്രാമത്തിലെ പ്രശ്‌നങ്ങള്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ പറഞ്ഞാല്‍ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്ത് ജയിലിലാക്കുമെന്ന് തന്നെ ജില്ലാ ഭരണകൂടം ഭീഷണിപ്പെടുത്തിയെന്നാണ് ഗ്രാമവാസിയായ മറ്റൊരാള്‍ പറയുന്നത്. ‘ബുലന്ദ്ശഹര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കുറച്ചു ദിവസം മുമ്പ് റോയിറ്റേഴ്‌സില്‍ നിന്നുള്ള ഒരു സംഘം മാധ്യമപ്രവര്‍ത്തകര്‍ ഇവിടെ വന്നിരുന്നു. എനിക്കു അനുഭവപ്പെട്ട കാര്യങ്ങള്‍ ഞാനവരോട് പറഞ്ഞു. പിറ്റേദിവസം തന്നെ നിരവധി പൊലീസ് ഓഫീസര്‍മാരും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റും എന്റെ അടുത്തേക്ക് വന്ന് ഗ്രാമത്തിലെ കാര്യങ്ങള്‍ ഇനി ആരോടെങ്കിലും പറഞ്ഞാല്‍ ദേശീയ സുരക്ഷാ നിയമപ്രകാരം കേസില്‍പ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഞാന്‍ കള്ളം പറഞ്ഞിരുന്നില്ല. എന്നിട്ടും എനിക്ക് അവരോട് മാപ്പുപറയേണ്ടി വന്നു. എന്തുണ്ടായാലും ഇനി ആരോടും ഒന്നും പറയില്ലെന്നാണ് ഞങ്ങളുടെ തീരുമാനം.’ അദ്ദേഹം പറയുന്നു.

We use cookies to give you the best possible experience. Learn more