ഉത്തർപ്രദേശിൽ ആശുപത്രിയിൽ ഇടം നൽകിയില്ല; യുവതി ആംബുലൻസിൽ പ്രസവിച്ചു
national news
ഉത്തർപ്രദേശിൽ ആശുപത്രിയിൽ ഇടം നൽകിയില്ല; യുവതി ആംബുലൻസിൽ പ്രസവിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th September 2024, 1:53 pm

ലഖ്‌നൗ: ഉത്തർപ്രദേശിലെ മെയിൻപുരിയിലെ ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് വഴിമധ്യേ അമ്മ ആംബുലൻസിൽ കുഞ്ഞിന് ജന്മം നൽകിയതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ മെയിൻപുരി മേഖലയിലെ സൗസയ്യ മാത്ര ശിശു ചികിത്സാശാലയിൽ അനസ്‌തേഷ്യോളജിസ്റ്റിൻ്റെ അഭാവം കാരണം യുവതിയോട് മറ്റൊരു ആശുപത്രിയിലേക്ക് പോകാൻ ആവശ്യപ്പെടുകയായിരുന്നു.

പ്രസവത്തിൽ സങ്കീർണ്ണതകൾ ഉള്ളതിനാൽ സാധാരണ പ്രസവം നടക്കില്ലെന്നും ഓപ്പറേഷൻ നടത്തണമെന്നും ആശുപത്രി അധികൃതർ തന്നോട് ആദ്യം പറഞ്ഞിരുന്നതായി കുട്ടിയുടെ പിതാവ് പറഞ്ഞു. പിന്നീട് ആശുപത്രിയിൽ അനസ്‌തേഷ്യോളജിസ്റ്റ് ഇല്ലെന്നും ഓപ്പറേഷൻ നടത്താൻ കഴിയില്ലെന്നും ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു. തുടർന്ന് അമ്മയെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദേശിക്കുകയും ചെയ്തു. എന്നാൽ ആശുപത്രിയിലേക്ക് പോകും വഴി അമ്മ ആംബുലൻസിൽ കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു.

‘എന്റെ ഭാര്യക്ക് സങ്കീർണതകളുണ്ടായിരുന്നു. അതിനാൽ ഓപ്പറേഷന് വേണമെന്ന് അവർ ആവശ്യപ്പെട്ടു. എന്നാൽ കുറച്ച് കഴിഞ്ഞപ്പോൾ ഇവിടെ ചികിത്സ ലഭിക്കില്ലെന്ന് പറഞ്ഞു. തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് പോകവേ ആംബുലൻസിൽ വെച്ച് അവൾ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു,’ പിതാവ് പറഞ്ഞു.

സംഭവത്തെ തുടർന്ന് അന്വേഷണം നടത്താൻ രണ്ടംഗ അന്വേഷണ സമിതിക്ക് രൂപം നൽകിയാതായി ചീഫ് മെഡിക്കൽ ഓഫീസർ ഡോ.ആർ.സി. ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു. ‘ബന്ധപ്പെട്ടയാൾ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിനായി ഞാൻ രണ്ടംഗ അന്വേഷണ സമിതിയെ നിയോഗിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ അവർ റിപ്പോർട്ട് സമർപ്പിക്കും, തുടർന്ന് കൂടുതൽ അന്വേഷണം നടക്കുന്നതാണ്,’ ഗുപ്ത പറഞ്ഞു.

അനസ്‌തേഷ്യോളജിസ്റ്റിൻ്റെ അഭാവത്തിൽ ഡ്യൂട്ടിയിലുള്ള ആശുപത്രി അധികൃതർ ഗർഭിണിയായ യുവതിക്ക് ആശുപത്രി സേവനങ്ങൾ നിഷേധിക്കുന്നത് ആശങ്കയുളവാക്കുന്ന കാര്യമാണെന്നും ഗുപ്‍ത കൂട്ടിച്ചേർത്തു.

 

 

 

Content Highlight: Uttar Pradesh: Mother delivers baby in ambulance after Mainpuri hospital refuses admission