നിതീഷ് സഹദേവ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ഫാലിമി. ബേസില്‍ ജോസഫ്, മഞ്ജു പിള്ള, ജഗദീഷ്, സന്ദീപ് പ്രദീപ്, മീനരാജ് പള്ളുരുത്തി എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായത്. ഒത്തൊരുമയില്ലാതെ സദാസമയവും കലഹിക്കുന്ന ഒരു മലയാളി കുടുംബം കാശിക്ക് പോകുന്നത് കേന്ദ്രീകരിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആ യാത്ര ഈ കുടുംബത്തിന്റെ ജീവിതം എങ്ങനെ മാറ്റിമറിക്കുന്നുവെന്ന് ഹാസ്യത്തിന്റെ അകമ്പടിയോടെ പറഞ്ഞിരിക്കുകയാണ് ഫാലിമി. തിയേറ്ററില്‍ മികച്ച പ്രതികരണമായിരുന്നു ഫാലിമിക്ക് ലഭിച്ചത്. ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലും റിലീസ് ചെയ്തിരിക്കുകയാണ് ഫാലിമി. ഒ.ടി.ടിയിലും റിലീസ് ചെയ്തതോടെ ഫാലിമി വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.
ചിത്രത്തിന്റെ പകുതിയോളം ഭാഗത്തില്‍ ഉത്തര്‍പ്രദേശിലൂടെയുള്ള ഈ കുടുംബത്തിന്റെ സഞ്ചാരമാണ് കാണിക്കുന്നത്. ബേസില്‍ ജോസഫ് അവതരിപ്പിച്ച നായകനായ അനൂപാണ് യാത്രയുടെ സ്പോണ്‍സര്‍. താളംതെറ്റിയ കുടുംബം പോലെ താളം തെറ്റിയ ഒരു യാത്രയുമായിരുന്നു ഇവര്‍ക്ക് നേരിടാനുണ്ടായിരുന്നത്. ട്രെയ്നില്‍ തുടങ്ങിയ യാത്ര പിന്നീട് യു.പി ആകുമ്പോഴേക്കും ബസിലേക്ക് മാറുന്നുണ്ട്. ചില കാരണങ്ങളാല്‍ ബസ് യാത്രയും പാതിവഴിയില്‍ തടസപ്പെടുന്നു. തുടര്‍ന്ന് ഇവര്‍ ലിഫ്റ്റ് ചോദിച്ച് കയറുന്നതും മറ്റൊരു കുരിക്കിലേക്കാണ്.
ഈ യാത്രയിലൂടെയും പിന്നീട് കാശിയില്‍ ചെല്ലുമ്പോഴുമുള്ള ചില യു.പി കാഴ്ചകള്‍ ഫാലിമിയില്‍ കാണാനാവും. ആദ്യം പെട്ടുപോകുന്ന് റെയില്‍വേ സ്റ്റേഷനിലെ സ്റ്റേഷന്‍ മാസ്റ്റര്‍ തന്നെ പറയുന്നത് ഇതൊരു അപകടം പിടിച്ച ഏരിയ ആണെന്നാണ്. ചായ വില്‍ക്കുന്ന ബാലന്‍ ജീവിക്കാനായി ചെറുപ്രായത്തില്‍ തന്നെ തെരുവിലേക്ക് ഇറങ്ങേണ്ടിവരുന്ന അനേകം കുട്ടികളുടെ പ്രതിനിധിയാണ്.
ആവശ്യത്തിന് ബസോ ബസ് സ്റ്റോപ്പോ ഇല്ലാത്ത യു.പിയിലെ വഴിയോരങ്ങളും ചിത്രത്തില്‍ കാണാനാവും. ഓടുന്ന ബസിലാകട്ടെ, ആടും കോഴിയും മുട്ടയും പോരാത്തതിന് ബസിന് മുകളില്‍ വരെ യാത്രക്കാരുമുണ്ടാവും. ഇവിടുത്തെ ക്രിമിനലുകള്‍ പോലും പൊലീസില്‍ നിന്നും രക്ഷപ്പെടാനുള്ള മരണപ്പാച്ചിലിനിടയില്‍ ‘ഗോമാതാവിനെ’ തൊഴും.
തീര്‍ത്ഥാടന കേന്ദ്രമായ കാശിയിലെത്തുമ്പോള്‍ മറ്റൊന്നാണ് കാണാനാവുക. മരണമുഖവും ജീവിതത്തിന്റെ പല ജീവിത യാഥാര്‍ത്ഥ്യങ്ങളും കണ്ട് മലയാളി ഫാലിമി ഒരു ഫാമിലിയായി മാറുകയാണ്.
Content Highlight: How uttar pradesh is pictured in falimy movie