ലക്‌നൗ: ഉത്തര്‍പ്രദേശിലെ മതപരിവര്‍ത്തന വിരുദ്ധ നിയമപ്രകാരം ഭര്‍ത്താവും സഹോദരനും അറസ്റ്റിലായതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ അഭയകേന്ദ്രത്തിലാക്കിയ ഗര്‍ഭിണിയായ യുവതിയുടെ ആരോഗ്യനില വഷളാകുന്നതായി റിപ്പോര്‍ട്ട്.
കടുത്ത വയറുവേദനയും അമിത രക്തസ്രാവവും കാരണം മൂന്ന് ദിവസത്തിനുള്ളില്‍ രണ്ട് തവണയാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മൊറാദാബാദ് സ്വദേശിയായ യുവതിയ്ക്കാണ് ഈ ദുരനുഭവമുണ്ടായത്. ഇക്കഴിഞ്ഞയാഴ്ചയാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രദേശത്തെ പൊലീസ് സ്റ്റേഷനില്‍ വെച്ച് യുവതിയേയും ഭര്‍ത്താവിനെയും ഭീഷണിപ്പെടുത്തിയത്. ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇക്കഴിഞ്ഞ ജൂലൈയിലാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. ഇസ്‌ലാം മതം സ്വീകരിച്ച ശേഷമായിരുന്നു വിവാഹം. ഡിസംബര്‍ അഞ്ചിന് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ യുവതിയ്ക്കും ഭര്‍ത്താവിനുമെതിരെ ആക്രമണവുമായി രംഗത്തെത്തിയത്. ഇവരെ ഭീഷണിപ്പെടുത്തിയ ശേഷം പൊലീസ് സ്റ്റേഷനിലെത്തിക്കുകയും ചെയ്തു.
നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന വകുപ്പ് പ്രകാരമാണ് യുവതിയുടെ ഭര്‍ത്താവിനും സഹോദരനുമെതിരെ കേസെടുത്തിരിക്കുന്നത്. ഇവരെ അറസ്റ്റ് ചെയ്ത ശേഷം യുവതിയെ സര്‍ക്കാര്‍ അഭയകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
എന്നാല്‍ ഈ നിയമം പ്രാബല്യത്തില്‍ വരുന്നതിന് നാല് മാസം മുമ്പാണ് തങ്ങള്‍ വിവാഹം കഴിച്ചതെന്നും അതിനാല്‍ ഭര്‍ത്താവിനെ മോചിപ്പിക്കണമെന്നും യുവതി പറഞ്ഞിരുന്നു. എന്നാല്‍ തങ്ങളുടെ ഭാഗം കേള്‍ക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് യുവതി ആരോപിച്ചു.
നവംബര്‍ 24 നാണ് നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധനവുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സിന് യു.പി മന്ത്രിസഭ അംഗീകാരം നല്‍കിയത്.
നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുകയാണ് നിയമത്തിന്റെ ലക്ഷ്യമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക