ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ 8,500ലധികം മദ്രസകള്‍ സംസ്ഥാന മദ്രസ വിദ്യാഭ്യാസ ബോര്‍ഡിന്റെ (UP Board of Madrasa Education) അംഗീകാരമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് സര്‍ക്കാര്‍.
യു.പി സര്‍ക്കാര്‍ നടത്തിയ ഒരു സര്‍വേയിലാണ് ഈ കണ്ടെത്തല്‍. സര്‍വേ പ്രകാരം ഇത്തരത്തില്‍ അംഗീകാരം ലഭിക്കാത്ത ഏറ്റവും കൂടുതല്‍ മദ്രസകളുള്ളത് യു.പിയിലെ മൊറാദാബാദ് ജില്ലയിലാണ്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 30നായിരുന്നു അംഗീകാരമില്ലാത്ത മദ്രസകളെ കുറിച്ച് സര്‍വേ നടത്താന്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് യു.പിയിലെ ബി.ജെ.പി സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നത്. ഇതേത്തുടര്‍ന്ന് സെപ്റ്റംബര്‍ 10ന് ആരംഭിച്ച സര്‍വേയുടെ റിപ്പോര്‍ട്ട് ചൊവ്വാഴ്ചയാണ് ജില്ലാ മജിസ്‌ട്രേറ്റുമാര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചത്.
”സംസ്ഥാനത്തെ 75 ജില്ലകളിലെ അംഗീകാരമില്ലാത്ത മദ്രസകളെ കുറിച്ചുള്ള സര്‍വേ ഇന്ന് (ചൊവ്വ) പൂര്‍ത്തിയായിരിക്കുന്നു.
വിവിധ ജില്ലകളിലെ ഭരണാധികാരികള്‍ സര്‍വേ റിപ്പോര്‍ട്ടിന്റെ പകര്‍പ്പുകള്‍ ഞങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരിനും അയച്ചിട്ടുണ്ട്.
മൊറാദാബാദ് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ അംഗീകാരമില്ലാത്ത മദ്രസകള്‍ (550) ഉള്ളത്. സിദ്ധാര്‍ത്ഥ് നഗറിലും (525), ബഹ്റൈച്ചിലും (500) ഇത്തരത്തില്‍ മദ്രസകളുണ്ടെന്ന് കണ്ടെത്തി.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടിയൊന്നുമുണ്ടാകില്ല.” ഉത്തര്‍പ്രദേശ് മദ്രസ വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ഇഫ്തിഖര്‍ അഹമ്മദ് ജാവേദ് (Iftikhar Ahmed Javed) പറഞ്ഞു.
”തുടക്കത്തില്‍, സര്‍വേ നിര്‍ത്തിപ്പിക്കണമെന്ന ഉദ്ദേശത്തോടെ പല കള്ളക്കഥകളും പ്രചരിപ്പിച്ചെങ്കിലും ഞങ്ങള്‍ അതിനെയെല്ലാം പ്രതിരോധിക്കുകയും സര്‍വേക്ക് പിന്നില്‍ മറഞ്ഞിരിക്കുന്ന അജണ്ടകളൊന്നുമില്ലെന്ന് ജനങ്ങളോട് പറയുകയും ചെയ്തു.
അംഗീകാരമില്ലാത്ത മദ്രസകളുടെ നടത്തിപ്പുകാര്‍ ഞങ്ങളെ ബന്ധപ്പെട്ട് അവ യു.പി മദ്രസ എജ്യുക്കേഷന്‍ ബോര്‍ഡുമായി അഫിലിയേറ്റ് ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അംഗീകാരം ലഭിച്ചാല്‍ വിവിധ സര്‍ക്കാര്‍ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങളും ഈ മദ്രസകള്‍ക്ക് ലഭിക്കും. യു.പി സര്‍ക്കാര്‍ ഈ സര്‍വേ വിജയകരമായി പൂര്‍ത്തിയാക്കിയത് മറ്റ് സംസ്ഥാനങ്ങള്‍ക്കും മാതൃകയാണ്,” ജാവേദ് കൂട്ടിച്ചേര്‍ത്തു.
നിലവില്‍ 25,000ലധികം മദ്രസകളാണ് യു.പിയിലുള്ളതെന്നും അതില്‍ 16,000ലധികം മദ്രസകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരമുണ്ടെന്നും എന്നാല്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി ഒരു മദ്രസകള്‍ക്കും സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടില്ലെന്നും ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം മദ്രസകളെ കുറിച്ച് ഇത്തരമൊരു സര്‍വേ നടത്താനുള്ള യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ നേരത്തെ നിരവധി മുസ്‌ലിം സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയിരുന്നു.
ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് (All India Muslim Personal Law Board), ജാമിയത്ത് ഉലമ-ഇ-ഹിന്ദ് (Jamiat Ulama-i-Hind) എന്നീ സംഘടനകളും എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി, ബി.എസ്.പി നേതാവ് മായാവതി എന്നിവരും സര്‍വേയെ വിമര്‍ശിച്ചിരുന്നു.
സര്‍വേയെ ‘മിനി എന്‍.ആര്‍.സി’ എന്നായിരുന്നു ഉവൈസി വിശേഷിപ്പിച്ചിരുന്നത്.
2017ലായിരുന്നു യു.പി ബോര്‍ഡ് ഓഫ് മദ്രസ എജ്യുക്കേഷന്‍ സ്ഥാപിക്കപ്പെട്ടത്. സംസ്ഥാനത്തെ മദ്രസകളുടെ പ്രവര്‍ത്തനങ്ങളിലെ ക്രമക്കേടുകള്‍ പരിശോധിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു ബോര്‍ഡ് സ്ഥാപിച്ചത്.
Content Highlight: Uttar Pradesh Govt survey says over 8,500 unrecognised madrasas in the state