ലഖ്‌നൗ: സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച ആന്റി റോമിയോ സ്‌ക്വാഡുകളെ വീണ്ടും സജീവമാക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ.
അംബേദ്ക്കർ നഗർ ജില്ലയിൽ കഴിഞ്ഞ ദിവസം നടത്തിയ യോഗത്തിൽ സ്‌ക്വാഡുകൾ വീണ്ടും പ്രവർത്തനക്ഷമമാക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥരോട് പറഞ്ഞു.
സ്ത്രീകളുടെ സുരക്ഷക്കും സംരക്ഷണത്തിനും മുൻഗണന നൽകണമെന്ന് പറഞ്ഞ അദ്ദേഹം ഭയമില്ലാത്ത പരിസ്ഥിതിയിൽ ജീവിക്കാൻ സ്ത്രീകൾക്ക് അവകാശമുണ്ടെന്നും കൂട്ടിച്ചേർത്തു. അതോടൊപ്പം ഐ.ജി.ആർ.എസിലും മുഖ്യമന്ത്രി ഹെൽപ്പ്‌ലൈൻ പോർട്ടലിലും ലഭിക്കുന്ന പരാതികൾ ഉടൻ തന്നെ പരിഹരിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
കോളേജിലും വിദ്യാലയങ്ങളുടെ പുറത്തുമായി പെൺകുട്ടികളെ ശല്യം ചെയ്യുന്ന ആൺകുട്ടികളെയും സ്ത്രീകളെ ശല്യം ചെയ്യുന്നവരെയുമാണ് പൊലീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന സ്‌ക്വാഡുകൾ കൂടുതലായും ലക്ഷ്യമിട്ടിരുന്നത്.
2017 മാർച്ച് മുതൽ 2020 ഡിസംബർ വരെ 14,454 പേരെയാണ് ആൻ്റി റോമിയോ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തവരെ വിട്ടയക്കുന്നതിനായി പണം ആവശ്യപ്പെടുക, യുവാക്കളുടെ തല മൊട്ടയടിക്കുക, മുഖം കറുപ്പിക്കുക തുടങ്ങിയ നിയമവിരുദ്ധമായ പല നടപടികളും ആന്റി റോമിയോ സ്‌ക്വാഡ് സ്വീകരിച്ചിരുന്നു.
2017ൽ യോഗി ആദിത്യ നാഥ് ഉത്തർപ്രദേശിൽ ഭരണത്തിലേറിയപ്പോൾ സംസ്ഥാനത്തെ സ്ത്രീ സുരക്ഷക്കായി രൂപീകരിച്ച സ്‌ക്വാഡ് ആണ് ആൻ്റി റോമിയോ സ്ക്വാഡുകൾ. സ്ത്രീകളെ ശാക്തീകരിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി അദ്ദേഹത്തിൻ്റെ സർക്കാർ പിന്നീട് ലവ്-ജിഹാദ് വിരുദ്ധ നിയമം എന്നറിയപ്പെടുന്ന 2021ലെ നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമം നടപ്പാക്കി.
ഇത്തരം നടപടികളും കേന്ദ്ര സർക്കാരിൻ്റെ മിഷൻ ശക്തി, ബേട്ടി ബച്ചാവോ ക്യാമ്പയിനുകളും ഉണ്ടായിരുന്നിട്ടും ഉത്തർപ്രദേശിലെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ വർധനവ് മാത്രമാണുണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
സമീപവർഷങ്ങളിലായി ഉത്തർപ്രദേശിൽ സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ക്രമാതീതമായി വർധിച്ച് വരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നാഷണൽ ക്രൈം ബ്യൂറോയുടെ റിപ്പോർട്ട് അനുസരിച്ച് സ്ത്രീകൾക്കെതിരായ മൊത്തം കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ (ബലാത്സംഗം, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗത്തിന് ശേഷമുള്ള കൊലപാതകം, കൂട്ടബലാത്സംഗം എന്നിവ) ഉത്തർപ്രദേശ് 2022-ൽ രാജ്യത്ത് ഒന്നാമതെത്തിയിരുന്നു.
സ്ത്രീകളെ തട്ടിക്കൊണ്ടുപോകുന്നതിൽ മാത്രമായി 14,887 കേസുകൾ ആണ് ഉത്തർപ്രദേശിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സ്ത്രീധന മരണങ്ങളിൽ 2,138 കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ദേശീയ വനിതാ കമ്മീഷന് രജിസ്റ്റർ ചെയ്ത 28 ,811 കേസുകളിൽ 55 ശതമാനവും ഉത്തർപ്രദേശിൽ നിന്നായിരുന്നു.
Content Highlight: Uttar Pradesh government to bring back anti-Romeo squads