ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കബഡി കളിക്കാര്‍ക്ക് ഭക്ഷണം വിളമ്പിയത് ശുചിമുറിയില്‍ വച്ച്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
വീഡിയോ വൈറലായതോടെ സംസ്ഥാനത്ത് വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
കബഡി ടൂര്‍ണമെന്റിനിടെ ചില കളിക്കാര്‍ പകര്‍ത്തിയ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
സെപ്റ്റംബര്‍ 16നായിരുന്നു സഹാറന്‍പൂരില്‍ പെണ്‍കുട്ടികള്‍ക്കായി അണ്ടര്‍ 17 സംസ്ഥാനതല കബഡി ടൂര്‍ണമെന്റ് നടന്നത്. ഇതിനിടെയാണ് കളിക്കാര്‍ക്ക് ശുചിമുറിയില്‍ വെച്ച് ഭക്ഷണം വിളമ്പിയത്.
ശുചിമുറിയുടെ തറയില്‍ സൂക്ഷിച്ചിരിക്കുന്ന പാത്രങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ സ്വയം ഭക്ഷണം വിളമ്പി കഴിക്കുന്നത് വീഡിയോയില്‍ കാണാം. വീഡിയോയില്‍ ശുചിമുറിയുടെ ദൃശ്യങ്ങളും കാണാം.
ഇവിടെ നിന്നു തന്നെയാണ് ഇവര്‍ ഭക്ഷണം പാകം ചെയ്തിരിക്കുന്നതും. ഭക്ഷണമെടുക്കാന്‍ കുട്ടികള്‍ക്ക് സ്പൂണോ മറ്റ വസ്തുക്കളോ നല്‍കിയിട്ടില്ല. കൈകൊണ്ടാണ് കുട്ടികള്‍ ഭക്ഷണം വിളമ്പി കഴിക്കുന്നത്.
സ്ഥലപരിമിതി കാരണമാണ് ഭക്ഷണം ശുചിമുറിയില്‍ സൂക്ഷിക്കേണ്ടിവന്നതെന്നാണ് അധികൃതരുടെ വിശദീകരണം. വീഡിയോ വിവാദമായതിനെ തുടര്‍ന്ന് സഹാറന്‍പൂര്‍ സ്പോര്‍ട്സ് ഓഫീസര്‍ അനിമേഷ് സക്സേനയെ സംസ്ഥാന സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു.
സംഭവത്തില്‍ ക്രമക്കേട് നടന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതിന് പിന്നാലെ വിഷയത്തില്‍ അധികാരികള്‍ സാഹചര്യത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സഹാരന്‍പൂര്‍ ജില്ലാ മജിസ്ട്രേറ്റ് അഖിലേഷ് സിങ് അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
വിവിധ പ്രചാരണങ്ങള്‍ക്കായി കോടികള്‍ ചെലവഴിക്കുന്ന ബി.ജെ.പിക്ക് കളിക്കാര്‍ക്ക് വേണ്ട ക്രമീകരണങ്ങള്‍ ചെയ്യാന്‍ പണമില്ല എന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം.