| Tuesday, 14th November 2017, 12:26 pm

ഉത്തര്‍പ്രദേശില്‍ പശുക്കളെ കശാപ്പ് ചെയ്ത വിവരം പൊലീസില്‍ അറിയിച്ച വൃദ്ധനെ നാലംഘസംഘം മര്‍ദ്ദിച്ചു കൊലപ്പെടുത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ റാംപൂര്‍ ഷാസദ് നഗറില്‍ ഗോവധത്തിന്റ പേരില്‍ വൃദ്ധനെ കൊലപ്പെടുത്തി. റാംപൂര്‍ സ്വദേശിയായ നാനി അലി(52) ആണ് കൊല്ലപ്പെട്ടത്.

പശുക്കളെ കശാപ്പിനായി ഉപയോഗിക്കുന്നുണ്ടെന്ന വിവരം പോലീസിനെ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു ആക്രമണം. അക്രമത്തില്‍ ഇദ്ദേഹത്തിന്റെ മകനും സഹോദരപുത്രനും മര്‍ദ്ദനമേറ്റു. സംഭവത്തില്‍ പ്രതികളായ നാലുപേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഞായറാഴ്ചയാണ് ആക്രമണമുണ്ടായത്.

രണ്ടാഴ്ച മുമ്പ് ഇദ്ദേഹത്തിന്റെ വീടിനടുത്ത് നടന്നവിവാഹ സല്‍ക്കാരത്തിനായി പശുക്കളെ കശാപ്പ് ചെയ്തിരുന്നു. ഇക്കാര്യം നാനി അലി പൊലീസില്‍ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ശനിയാഴ്ച അലി അഹമ്മദ് എന്നയാളും സംഘവും നാനി അലിയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ഇതിനെതിരെ നാനി അലി പോലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ പള്ളിയില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞു മടങ്ങിയ നാനി അലിയുമായി, അലി അഹമ്മദിന്റെ സഹോദരന്‍ വാക്കുതര്‍ക്കത്തിലേര്‍പെടുകയും തര്‍ക്കം മൂര്‍ച്ഛിച്ച് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നെന്ന് നാനി അലിയുടെ സഹോദരപുത്രന്‍ പറഞ്ഞു.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലിസ് ഗ്രാമത്തില്‍ കനത്ത സുരക്ഷ എര്‍പ്പെടുത്തിയിട്ടുണ്ട്. സമാനരീതിയില്‍ കഴിഞ്ഞദിവസം രാജസ്ഥാനിലെ ആള്‍വാറില്‍ ഗോരക്ഷാപ്രവര്‍ത്തകര്‍ യുവാവിനെ കൊലപ്പെടുത്തിയിരുന്നു.

We use cookies to give you the best possible experience. Learn more