ലഖ്‌നൗ: കോണ്‍ഗ്രസ് വിട്ട് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേരാനിരിക്കുന്ന മുന്‍ എം.എല്‍.എ ഇമ്രാന്‍ മസൂദിനെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തതായി റിപ്പോര്‍ട്ട്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ മുന്‍കൂര്‍ അനുമതി വാങ്ങാതെ പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗം വിളിച്ചു എന്നാണ് ഇമ്രാന്‍ മസൂദിനും മറ്റ് 10 പേര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.
പെരുമാറ്റച്ചട്ടവും കൊവിഡ് പ്രോട്ടോക്കോളും ലംഘിച്ചാണ് യോഗം ചേര്‍ന്നതെന്നാണ് പറയുന്നത്. യു.പിയിലെ സഹരണ്‍പൂരിലായിരുന്നു യോഗം നടന്നത്.
സഹരണ്‍പൂര്‍ പൊലീസിലെ ഉദ്യോഗസ്ഥനായ രാജേഷ് കുമാര്‍ ആണ് ഇമ്രാന്‍ മസൂദിനെതിരെ കേസെടുത്ത വിവരം പറഞ്ഞത്.
10 പേര്‍ക്കെതിരെയും എഫ്.ഐ.ആര്‍ ചുമത്തിയതായും രാജേഷ് കുമാര്‍ പറഞ്ഞു.
”പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും എനിക്ക് ബഹുമാനം തന്നിട്ടുണ്ട്. എന്നാല്‍ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍, യു.പിയില്‍ കോണ്‍ഗ്രസിന് ഒരു വോട്ട് ബാങ്കുമില്ല.
അഖിലേഷ് ജിക്ക് സംസ്ഥാനത്ത് വികസനം കൊണ്ടുവരാന്‍ സാധിക്കും,” എന്നായിരുന്നു പാര്‍ട്ടി മാറ്റത്തെ ന്യായീകരിച്ച് ഇമ്രാന്‍ മസൂദ് പറഞ്ഞത്.
മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഇമ്രാന്‍ മസൂദ് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു.
ബി.ജെ.പിക്കെതിരെ പൊരുതാന്‍ കോണ്‍ഗ്രസിന് ഒറ്റക്ക് സാധിക്കില്ലെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിക്കൊപ്പം സഖ്യമുണ്ടാക്കണമെന്നും മസൂദ് കഴിഞ്ഞ ഒക്ടോബറില്‍ പറഞ്ഞിരുന്നു.
ഉത്തര്‍പ്രദേശ്, ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
യു.പിയില്‍ ഫെബ്രുവരി 10നാണ് ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14നും മൂന്നാം ഘട്ടം ഫെബ്രുവരി 20നും നടക്കും. നാലാം ഘട്ടം ഫെബ്രുവരി 23നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും നടക്കും. ആറാം ഘട്ടം മാര്‍ച്ച് 3നും ഏഴാം ഘട്ടം മാര്‍ച്ച് 7നും നടക്കും. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.
ജനുവരി 15 വരെ റാലികള്‍ക്കും പദയാത്രയ്ക്കും അനുമതിയില്ല. റോഡ് ഷോക്കും അനുമതിയില്ല. പ്രചാരണം പരമാവധി ഡിജിറ്റലാക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര അറിയിച്ചു.
അഞ്ച് സംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.
യു.പിയിലും പഞ്ചാബിലും ഉത്തരാഖണ്ഡിലും സ്ഥാനാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാവുന്ന തുക 40 ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ട്. ഗോവയിലും മണിപ്പൂരിലും 28 ലക്ഷമായും ഉയര്‍ത്തി.
തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിലും ബി.ജെ.പിയാണ് ഭരണത്തില്‍. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലാണ് ബി.ജെ.പി ഭരണത്തിലുള്ളത്. പഞ്ചാബില്‍ കോണ്‍ഗ്രസ് ആണ് ഭരണകക്ഷി.