ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ അഞ്ചാം ഘട്ട വോട്ടെടുപ്പ് നടക്കുന്നു. അയോധ്യയടക്കമുള്ള നിര്‍ണായക മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഞായറാഴ്ച രാവിലെ ആരംഭിച്ചു.
യു.പിയിലെ 12 ജില്ലകളിലായി 61 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ഞായറാഴ്ച നടക്കുന്നത്. രാവിലെ ഏഴ് മണിക്ക് തന്നെ പോളിംഗ് ആരംഭിച്ചിട്ടുണ്ട്. വൈകീട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്.
സുല്‍ത്താന്‍പൂര്‍, ചിത്രകൂട്, പ്രതാപ്ഗാര്‍, കൗശാംപി, പ്രയാഗ്‌രാജ്, ബരബകി, ബഹ്‌രായ്ച്, ശ്രാവസ്തി, ഗോണ്ഡ എന്നീ ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്.
ബി.ജെ.പിക്കും സഖ്യകക്ഷികള്‍ക്കും കൂടുതല്‍ സ്വാധീനമുള്ള മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. 2017ലെ തെരഞ്ഞെടുപ്പില്‍ ഈ 61 മണ്ഡലങ്ങളില്‍ 50 എണ്ണത്തിലും ബി.ജെ.പിയായിരുന്നു വിജയിച്ചിരുന്നത്.
എല്ലാ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിക്ക് തുറുപ്പുചീട്ടാകാറുള്ള രാമക്ഷേത്ര നിര്‍മാണം പുരോഗമിക്കുന്ന അയോധ്യ (പഴയ ഫൈസാബാദ്), പ്രയാഗ്‌രാജ് (പഴയ അലഹബാദ്) എന്നിവയാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്ന പ്രധാന മണ്ഡലങ്ങള്‍.
അയോധ്യയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി എം.എല്‍.എ വി.പി ഗുപ്തയാണ്. സമാജ്‌വാദി ടിക്കറ്റില്‍ മത്സരിക്കുന്നത് 2012ല്‍ ഇവിടെ നിന്നും മത്സരിച്ച് വിജയിച്ച ചരിത്രമുള്ള പവന്‍ പാണ്ഡെയാണ്.
ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടക്കമുള്ള ബി.ജെ.പിയുടെ പ്രധാന നേതാക്കളും ഇന്നാണ് ജനവിധി തേടുന്നത്.
Content Highlight: Uttar Pradesh fifth phase election is ongoing