| Monday, 20th May 2019, 9:35 am

യു.പിയിലെ കണക്കുകളില്‍ വ്യത്യസ്ത പ്രവചനങ്ങളുമായി എക്‌സിറ്റ് പോളുകള്‍; ബി.ജെ.പിക്ക് സീറ്റ് കുറയുമെന്ന് ഏകാഭിപ്രായം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്നലെ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്കെല്ലാം എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് ഒറ്റസ്വരത്തിലാണു പറഞ്ഞതെങ്കില്‍ ഉത്തര്‍പ്രദേശിലേക്കു വരുമ്പോള്‍ ഈ ഐക്യം കാണാനാകില്ല. സംസ്ഥാനത്തെ മഹാഗഡ്ബന്ധന്റെയും ബി.ജെ.പിയുടെയും സീറ്റ് നിലകളില്‍ വ്യത്യസ്തങ്ങളായ പ്രവചനങ്ങളാണ് എല്ലാ പോളുകളും നടത്തിയിരിക്കുന്നത്.

രാജ്യത്ത് ഏറ്റവുമധികം ലോക്‌സഭാ സീറ്റുള്ള സംസ്ഥാനമാണിത്. 80 സീറ്റുള്ള ഉത്തര്‍പ്രദേശില്‍ കഴിഞ്ഞതവണ 73 സീറ്റ് നേടി എന്‍.ഡി.എ വ്യക്തമായ മേല്‍ക്കൈ നേടിയിരുന്നു. ഈ സീറ്റുകണക്കില്‍ നിന്ന് എന്‍.ഡി.എ ഇത്തവണ പിന്നോട്ടുപോകുമെന്നു മാത്രമാണ് പോളുകളില്‍ നിന്നു മനസ്സിലാകുന്നത്.

ടൈംസ് നൗ-വി.എം.ആര്‍ സര്‍വേ പറയുന്നത് എന്‍.ഡി.എ 58 സീറ്റ് നേടുമെന്നാണ്. ബി.എസ്.പി-എസ്.പി-ആര്‍.എല്‍.ഡി സഖ്യമായ മഹാഗഡ്ബന്ധന്‍ 20 സീറ്റും നേടുമെന്ന് അവര്‍ പ്രവചിക്കുന്നു.

എന്നാല്‍ 56 സീറ്റുകള്‍ മഹാഗഡ്ബന്ധന്‍ നേടുമെന്നും ബി.ജെ.പിക്ക് 22 സീറ്റുകളേ ലഭിക്കൂവെന്നും എ.ബി.പി-എസി നീല്‍സണ്‍ പോള്‍ പ്രവചിക്കുന്നു.

മഹാഗഡ്ബന്ധന് 40 സീറ്റും എന്‍.ഡി.എയ്ക്ക് 38 സീറ്റുമാണ് റിപ്പബ്ലിക് ടി.വി-സീ വോട്ടര്‍ പ്രവചിക്കുന്നത്. റിപ്പബ്ലിക്-ജന്‍ കി ബാത്ത് ആകട്ടെ, എന്‍.ഡി.എയ്ക്ക് 46-57 സീറ്റും മഹാഗഡ്ബന്ധന് 21-32 സീറ്റുകളും പ്രവചിക്കുന്നു.

കഴിഞ്ഞതവണ ബി.ജെ.പിയും സഖ്യകക്ഷിയായ അപ്‌നാ ദളും ചേര്‍ന്ന് 73 സീറ്റാണ് ഉത്തര്‍പ്രദേശില്‍ നിന്നു കൊണ്ടുപോയത്. ബാക്കിയുള്ള ഏഴ് സീറ്റുകളില്‍ അഞ്ചെണ്ണം എസ്.പിയും രണ്ടെണ്ണം കോണ്‍ഗ്രസും നേടി. മായാവതിയുടെ ബി.എസ്.പിക്ക് ഒറ്റ സീറ്റ് പോലും ലഭിച്ചില്ല.

ഇത്തവണ മോദി ഭരണകൂടത്തിനെതിരായ പ്രതിപക്ഷ ഐക്യത്തിന്റെ സാധ്യതകള്‍ കണക്കിലെടുത്താണ് ചിരവൈരികളായ മായാവതിയും അഖിലേഷ് യാദവും കൈകോര്‍ത്തത്. കൂടെ അജിത് സിങ്ങിന്റെ ആര്‍.എല്‍.ഡിയും.

ഈ മൂന്നു കക്ഷികള്‍ക്കും പിന്നാക്ക, ദളിത്, മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയിലുള്ള സ്വാധീനമാണ് സീറ്റിന്റെ കാര്യത്തില്‍ അവ്യക്തത നിലനിര്‍ത്തുന്നത്. 2014-ല്‍ ജയിച്ച മൂന്ന് സീറ്റുകളാണ് ഈ അഞ്ചുവര്‍ഷക്കാലത്തിനിടയ്ക്ക് ബി.ജെ.പിക്ക് ഉപതെരഞ്ഞെടുപ്പുകളിലൂടെ നഷ്ടമായതെന്നത് ഈ കക്ഷികളുടെ തിരിച്ചുവരവ് സൂചിപ്പിക്കുന്നു.

ഏഴു ഘട്ടങ്ങളായാണ് ഉത്തര്‍പ്രദേശില്‍ വോട്ടിങ് പൂര്‍ത്തിയായത്. ഇതിനിടെ പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് എല്ലാ പ്രമുഖ നേതാക്കളും വന്നുപോയി. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് 130 റാലികള്‍ നടത്തി ഇതില്‍ മുന്നില്‍ നില്‍ക്കുന്നത്. തന്റെ മണ്ഡലം നിലനില്‍ക്കുന്ന സംസ്ഥാനത്ത് 29 റാലികളാണ് മോദി നടത്തിയത്. ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ 28 റാലികളുമായി തൊട്ടുപിന്നിലുണ്ട്. പ്രതിപക്ഷത്താവട്ടെ, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി 40 റാലികള്‍ നടത്തി. എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ് അമ്പതും, മായാവതി 25-ഉം റാലികള്‍ നടത്തി. മഹാഗഡ്ബന്ധന്റെ സംയുക്തറാലികളായി 21 എണ്ണമാണു നടന്നത്.

We use cookies to give you the best possible experience. Learn more