| Wednesday, 15th September 2021, 3:32 pm

അപേക്ഷ മാത്രം പോര, സംഭാവനയും വേണം; സീറ്റ് മോഹികളോട് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിക്കാനാഗ്രഹിക്കുന്നവര്‍ സംഭാവന നല്‍കണമെന്ന് സംസ്ഥാന കമ്മിറ്റി. സ്ഥാനാര്‍ത്ഥിയാകണമെന്ന് ആഗ്രഹിക്കുന്നവര്‍ അപേക്ഷയോടൊപ്പം 11000 രൂപയും നല്‍കണമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

‘എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ജില്ലാ നേതൃത്വത്തിനോ സംസ്ഥാന നേതൃത്വത്തിനോ അപേക്ഷ നല്‍കാം. 11000 രൂപയുടെ സംഭാവനയും ഇതിനോടൊപ്പം നല്‍കണം. സെപ്റ്റംബര്‍ 25 ആണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി,’ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു പറഞ്ഞു.

തെരഞ്ഞെടുപ്പിനെ ഗൗരവമായി കാണുന്നതിനാണ് സംഭാവന സ്വീകരിക്കുന്നതെന്നാണ് തീരുമാനത്തെ ന്യായീകരിച്ച് കോണ്‍ഗ്രസ് വക്താവ് അശോക് സിംഗ് പറയുന്നത്. ഇത് പ്രകാരം അപേക്ഷകള്‍ കുറഞ്ഞാല്‍ സൂക്ഷ്മ പരിശോധനയ്ക്ക് എളുപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറ്റ് പാര്‍ട്ടികളും ഇത്തരം സംഭാവനകള്‍ വാങ്ങാറുണ്ടെന്നും ഇത് പുതിയ സംഭവമല്ലെന്നും അദ്ദേഹം പറഞ്ഞു.

‘എല്ലാവരും സീറ്റിനായി കാശ് വാങ്ങുന്നുണ്ട്. ചില പാര്‍ട്ടി നേതാക്കള്‍ വ്യക്തിപരമായി പോലും വലിയ തുക കൈക്കലാക്കുന്നുണ്ട്,’ അശോക് സിംഗ് പറഞ്ഞു.

സ്ഥാനാര്‍ത്ഥി നിര്‍ണയം വേഗത്തിലാക്കാന്‍ സംഭാവന വാങ്ങുന്നത് സഹായിക്കുമെന്നാണ് യു.പി അധ്യക്ഷന്‍ ലല്ലു പറയുന്നത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

2017 ലെ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ് ഇത്തവണ പ്രധാന പ്രതിപക്ഷ കക്ഷികളുമായി സഖ്യം ചേരാതെയാണ് മത്സരിക്കുന്നത്. 403 അംഗ നിയമസഭയില്‍ ഏഴ് സീറ്റില്‍ മാത്രമാണ് കഴിഞ്ഞ തവണ കോണ്‍ഗ്രസിന് ജയിക്കാനായിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Uttar Pradesh elections: Congress asks ticket aspirants to deposit Rs 11,000

We use cookies to give you the best possible experience. Learn more