മുസ്‌ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്ന് പ്രസംഗിച്ച ഹിന്ദു പുരോഹിതനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു
national news
മുസ്‌ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്ന് പ്രസംഗിച്ച ഹിന്ദു പുരോഹിതനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th April 2022, 7:55 am

ലഖ്‌നൗ: മുസ്‌ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാത്സഗം ചെയ്യുമെന്ന് പ്രസംഗിച്ച ഹിന്ദു പുരോഹിതനെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാദ പ്രസംഗം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

മഹര്‍ഷി ശ്രീ ലക്ഷ്മണ്‍ ദാസ് ഉദാസീന്‍ ആശ്രമത്തിലെ ബജ്‌രംഗ് മുനി ദാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

സീതാപൂരില്‍ വെച്ച് ഇയാളെ അറസ്റ്റ് ചെയ്തതായി അഡീഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പൊലീസ് പ്രശാന്ത് കുമാര്‍ പി.ടി.ഐയോട് പറഞ്ഞു.

ഏപ്രില്‍ രണ്ടിനായിരുന്നു ഇയാള്‍ വിദ്വേഷ പ്രസംഗം നടത്തിയത്. മുസ്‌ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുമെന്ന് ഇയാള്‍ ചുറ്റും കൂടി നിന്നിരുന്ന അനുയായികളോട് ആഹ്വാനം ചെയ്യുകയായിരുന്നു. ഇയാളുടെ വാക്കുകള്‍ കേട്ട് അനുയായികള്‍ ആവേശപൂര്‍വം ജയ് ശ്രീരാം വിളിക്കുകയും ചെയ്തിരുന്നു.

സംഭവത്തിന്റെ വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

എന്നാല്‍, പൊലീസ് ഇയാള്‍ക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തതിന് പിന്നാലെ തന്റെ പരാമര്‍ശങ്ങള്‍ക്ക് മാപ്പുമായി ഇയാള്‍ രംഗത്തെത്തിയിരുന്നു.

വിദ്വേഷപ്രസംഗം നടത്തി രണ്ടാഴ്ചയോളമായിട്ടും ഇയാളെ അറസ്റ്റ് ചെയ്യാത്തതില്‍ സമാജ്‌വാദി പാര്‍ട്ടി പ്രതിഷേധമുയര്‍ത്തിയിരുന്നു.

‘എന്തുകൊണ്ടാണ് പൊലീസ് ഇപ്പോഴും വെറും കൈയോടെ നില്‍ക്കുന്നത്? സര്‍ക്കാര്‍ ഇതിന് ഉത്തരം പറഞ്ഞേ മതിയാവൂ. എപ്പോഴാണ് കുറ്റാരോപിതര്‍ക്ക് നേരെ ബുള്‍ഡോസര്‍ ചലിച്ചു തുടങ്ങുക? മുഖ്യമന്ത്രി മറുപടി പറയണം,’ സമാജ്‌വാദി പാര്‍ട്ടി ‘ ട്വീറ്റ് ചെയ്തു.

സീതാപൂര്‍ ജില്ലയിലെ ഒരു പള്ളിക്ക് പുറത്ത് ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് മുസ്‌ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുമെന്ന് പുരോഹിതന്‍ പറഞ്ഞത്.

ഒരു മുസ്‌ലിം ആ പ്രദേശത്തെ ഏതെങ്കിലും ഹിന്ദു പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയാല്‍, താന്‍ മുസ്‌ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പരസ്യമായി ബലാത്സംഗം ചെയ്യുമെന്നാണ് ഇയാള്‍ പറഞ്ഞത്.

ഏപ്രില്‍ 2നാണ് വീഡിയോ ചിത്രീകരിച്ചതെന്നും എന്നാല്‍ സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൊലീസ് നടപടിയൊന്നും എടുത്തിട്ടില്ലെന്നും ഫാക്ട് ചെക്ക് വെബ്‌സൈറ്റ് ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ വീഡിയോ പങ്കുവെച്ചുകൊണ്ട് പറഞ്ഞു.

മുഹമ്മദ് സുബൈര്‍ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ നിരവധിയാളുകള്‍ പുരോഹിതനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

വിഷയത്തില്‍ കര്‍ശനമായ ഇടപെടല്‍ ആവശ്യപ്പെട്ട് ട്വിറ്റര്‍ ഉപയോക്താക്കള്‍ യു.എന്‍ മനുഷ്യാവകാശ സംഘടനയ്ക്കും ദേശീയ വനിതാ കമ്മീഷനും വര്‍ഗീയ പരാമര്‍ശങ്ങള്‍ ഫ്ളാഗുചെയ്തു.

പുരോഹിതന്‍ ജീപ്പിനുള്ളില്‍ നിന്ന് പ്രസംഗിക്കുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്. വീഡിയോയില്‍ പൊലീസുകാരെയും ഇയാള്‍ക്ക് പിന്നില്‍ കാണാന്‍ സാധിക്കും.

ഇയാളുടെ പ്രസംഗത്തിനിടക്ക് ആള്‍കൂട്ടം ജയ് ശ്രീറാമെന്ന് വിളിച്ച് ആക്രോശിക്കുന്നതും വര്‍ഗീയവും പ്രകോപനപരവുമായ പരാമര്‍ശങ്ങള്‍ നടത്തുന്നതായും വീഡിയോയില്‍ കാണാം.

Content Highlight: Uttar Pradesh cops arrest seer who threatened to rape Muslim women