അമേഠി, റായ്ബറേലി; രാഹുലും പ്രിയങ്കയും മത്സരിക്കണമെന്ന പ്രമേയം പാസാക്കി ഉത്തർപ്രദേശ് കോൺഗ്രസ്
national news
അമേഠി, റായ്ബറേലി; രാഹുലും പ്രിയങ്കയും മത്സരിക്കണമെന്ന പ്രമേയം പാസാക്കി ഉത്തർപ്രദേശ് കോൺഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th March 2024, 10:32 am

ലഖ്‌നൗ: ലോക്സഭാ തെരഞ്ഞെടുപ്പിൽ അമേഠിയിലും റായ്ബറേലിയിലും ഗാന്ധി കുടുംബം സ്ഥാനാർത്ഥികളാകണമെന്ന് പ്രമേയം പാസാക്കി ഉത്തർപ്രദേശ് സംസ്ഥാന കോൺഗ്രസ്‌ കമ്മിറ്റി.

ഔദ്യോഗികമായി ഗാന്ധി കുടുംബാംഗങ്ങളുടെ പേരുകൾ പറഞ്ഞില്ലെങ്കിലും അമേഠിയിൽ നിന്ന് രാഹുൽ ഗാന്ധിയും റായ്ബറേലിയിൽ നിന്ന് പ്രിയങ്ക ഗാന്ധിയും മത്സരിക്കണമെന്നാണ് പ്രദേശ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ (പി.ഇ.സി) ആവശ്യം.

‘ഇന്ത്യ സഖ്യത്തിന് കീഴിൽ നമുക്ക് അനുവദിച്ച 17 ലോക്സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് ഇന്ന് പ്രദേശ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേർന്നു.

സാധ്യതയുള്ള മൂന്ന് മുതൽ അഞ്ച് വരെ സ്ഥാനാർത്ഥികളുടെ പേര് കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് അയച്ചിട്ടുണ്ട്. അതേസമയം അമേഠി, റായ്ബറേലി സീറ്റുകളിൽ ഗാന്ധി കുടുംബത്തിൽ നിന്ന് സ്ഥാനാർത്ഥികളെ നിശ്ചയിക്കുവാൻ കോൺഗ്രസ്‌ അധ്യക്ഷനോട് അഭ്യർത്ഥിച്ചുകൊണ്ട് പി.ഇ.സി ഏകകണ്ഠമായി പ്രമേയം പാസാക്കി.

ഇരു സീറ്റുകളിലും മറ്റു സ്ഥാനാർത്ഥികളുടെ പേരുകൾ ചർച്ച ചെയ്തിട്ടില്ല,’ ഉത്തർപ്രദേശ് കോൺഗ്രസ് ജനറൽ സെക്രട്ടറി അനിൽ യാദവ് ദി ഹിന്ദുവിനോട് പറഞ്ഞു.

നേരത്തെ ഉത്തർപ്രദേശ് കോൺഗ്രസിന്റെ ചുമതല വഹിച്ചിരുന്ന പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് റായ്ബറേലിയിലെ വിവിധ ഇടങ്ങളിൽ ‘റായ്ബറേലി വിളിക്കുന്നു, പ്രിയങ്ക ഗാന്ധി വരണം’ എന്ന് എഴുതിയ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.

മുൻ കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് റായ്ബറേലി. നാല് തവണ ഇവിടെ നിന്ന് വിജയിച്ച സോണിയ 2019ൽ 1,67,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബി.ജെ.പിയുടെ ദിനേശ് പ്രതാപ് സിങ്ങിനെ പരാജയപ്പെടുത്തിയത്.

ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് സോണിയ അറിയിച്ചിരുന്നു. രാജസ്ഥാനിൽ നിന്ന് അവർ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുകയും ചെയ്തു.

വയനാട് ലോക്സഭാ മണ്ഡലത്തിൽ നിന്ന് വീണ്ടും മത്സരത്തിനൊരുങ്ങുകയാണ് രാഹുൽ ഗാന്ധി. അമേഠിയിൽ ഒരു തവണ കൂടി തെരഞ്ഞെടുപ്പ് നേരിടാൻ ബി ജെ.പി അദ്ദേഹത്തെ വെല്ലുവിളിച്ചിരുന്നു. 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയോട് പരാജയപ്പെട്ട സ്മൃതി ഇറാനി 2019ൽ അമേഠിയിൽ അദ്ദേഹത്തെ തോൽപ്പിച്ചിരുന്നു.

Content Highlight: Uttar Pradesh Congress passes resolution for candidature from Gandhi family