'തിരിച്ചുപിടിക്കും'; 2024ല്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ വീണ്ടും മത്സരിക്കും?
national news
'തിരിച്ചുപിടിക്കും'; 2024ല്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ വീണ്ടും മത്സരിക്കും?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th December 2022, 9:41 pm

ന്യൂദല്‍ഹി: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ വീണ്ടും മത്സരിക്കുമെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് നേതാവ് അജയ് റായ്.

വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും എം.പിയായി തെരഞ്ഞെടുത്ത് രാഹുല്‍ ഗാന്ധിയെ ദല്‍ഹിയിലേക്ക് അയക്കണമെന്നാണ് അമേഠിയിലെ ജനങ്ങളോട് തനിക്ക് പറയാനുള്ളതെന്ന് അജയ് റായ് പറഞ്ഞു. നിലവില്‍ എം.പിയായ വയനാട്ടില്‍ രാഹുല്‍ തുടരുമോ എന്നതിനെക്കുറിച്ച് അദ്ദേഹം ഒന്നു പറഞ്ഞില്ല.

‘ഗാന്ധി-നെഹ്റു കുടുംബത്തിന് അമേഠിയുമായി വലിയ ബന്ധമാണുള്ളത്. പെട്ടെന്ന് ആര്‍ക്കും അതിനെ ദുര്‍ബലപ്പെടുത്താന്‍ കഴിയില്ല. 2024ല്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കും,’ അജയ് റായ് പറഞ്ഞു.

എന്നാല്‍ അമേഠിയില്‍ നിന്ന് രാഹുല്‍ വീണ്ടും മത്സരിക്കുന്നതിനെക്കുറിച്ച് കോണ്‍ഗ്രസില്‍ നിന്ന് ഔദ്യോഗികമായി ഒരു വാര്‍ത്തയും വന്നിട്ടില്ല.

നേരത്തെ, കോണ്‍ഗ്രസിന്റെ തട്ടകമായിരുന്നു യു.പിയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയാണ് ജയിച്ചത്. കേന്ദ്രമന്ത്രിയായ സ്മൃതി ഇറാനിയാണ് ഇവിടെ രാഹുലിനെ പരാജയപ്പെടുത്തിയത്.

2014ലും അതിന് മുമ്പും സ്മൃതി ഇറാനി രാഹുലിനോട് ഇവിടെ പരാജയപ്പെട്ടിരുന്നു. തുടര്‍ച്ചയായ അവരുടെ ശ്രമം കഴിഞ്ഞ തവണയാണ് വിജയം കണ്ടത്. അമേഠിയില്‍ തോറ്റെങ്കിലും മത്സരിച്ച മറ്റൊരു മണ്ഡലത്തിലമായ വയനാട്ടിലും വിജയിച്ചതോടെയാണ് രാഹുല്‍ പാര്‍ലമെന്റിലെത്തിയത്.

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ ഇളകാത്ത കോട്ടയായിരുന്നു അമേഠിയും റായ്ബറേലിയും. 2019ലെ തെരഞ്ഞെടുപ്പില്‍ റായ്ബറേലി മണ്ഡലത്തില്‍ സോണിയ ഗാന്ധിക്ക് വിജയിക്കാനായിരുന്നു.