| Monday, 10th January 2022, 1:22 pm

ഇത് 80ഉം 20ഉം തമ്മിലുള്ള യുദ്ധം; തെരഞ്ഞെടുപ്പ് ജയിക്കാന്‍ വര്‍ഗീയത മാത്രം പറഞ്ഞ് യോഗി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയത പടര്‍ത്തുന്ന പരാമര്‍ശവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

തെരഞ്ഞെടുപ്പ് 80ഉം 20ഉം തമ്മിലുള്ള യുദ്ധമാണെന്നായിരുന്നു യോഗിയുടെ പരാമര്‍ശം. സംസ്ഥാനത്തെ ഹിന്ദു-മുസ്‌ലിം മതവിഭാഗത്തില്‍ പെട്ട ജനങ്ങള്‍ തമ്മിലുള്ള അനുപാതമാണ് 80,20 എന്നിവ കൊണ്ട് യോഗി ഉദ്ദേശിച്ചത്.

യു.പിയില്‍ 80 ശതമാനത്തോളം (79.73) ഹിന്ദുക്കളും 20 ശതമാനത്തിനടുത്ത് (19.26) മുസ്‌ലിം മതവിശ്വാസികളുമാണുള്ളത്.

ഈ കണക്കിനെ എടുത്തുപറഞ്ഞ്, തെരഞ്ഞെടുപ്പിനെ ബി.ജെ.പി വര്‍ഗീയത ഉപയോഗിച്ച് നേരിടുമെന്ന കൃത്യമായ സൂചനയാണ് യോഗിയുടെ ഏറ്റവും ഒടുവിലത്തെ കമന്റ് പറയുന്നത്.

”മത്സരം ഇപ്പോള്‍ 80ഉം 20ഉം തമ്മിലാണ്. വികസനത്തിനും ദേശീയതക്കും നല്ല ഭരണത്തിനുമൊപ്പം നില്‍ക്കുന്നവരാണ് ഇതിലെ 80. അവര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യും.

വികസന വിരുദ്ധരും കര്‍ഷകര്‍ക്ക് എതിരെ നില്‍ക്കുന്നവരും, ഗുണ്ടകളെയും മാഫിയകളെയും പിന്തുണക്കുന്നവരുമാണ് 20. അവര്‍ വേറെ സംഘങ്ങള്‍ക്കൊപ്പം മറ്റ് വഴികളിലാണ്.

അതുകൊണ്ട് ഈ 80-20 ഫൈറ്റില്‍ താമരയായിരിക്കും വഴി തെളിക്കുക,” യോഗി ആദിത്യനാഥ് പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.പി തലസ്ഥാനമായ ലഖ്‌നൗവില്‍ ഒരു സ്വകാര്യ വാര്‍ത്താ ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു യോഗി.

ഉത്തര്‍പ്രദേശ്, ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ഏഴ് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം.

യു.പിയില്‍ ഫെബ്രുവരി 10നാണ് ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14നും മൂന്നാം ഘട്ടം ഫെബ്രുവരി 20നും നടക്കും. നാലാം ഘട്ടം ഫെബ്രുവരി 23നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും നടക്കും. ആറാം ഘട്ടം മാര്‍ച്ച് 3നും ഏഴാം ഘട്ടം മാര്‍ച്ച് 7നും നടക്കും. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.

ജനുവരി 15 വരെ റാലികള്‍ക്കും പദയാത്രയ്ക്കും അനുമതിയില്ല. റോഡ് ഷോക്കും അനുമതിയില്ല. പ്രചാരണം പരമാവധി ഡിജിറ്റലാക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര അറിയിച്ചു.

അഞ്ച് സംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

യു.പിയിലും പഞ്ചാബിലും ഉത്തരാഖണ്ഡിലും സ്ഥാനാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാവുന്ന തുക 40 ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ട്. ഗോവയിലും മണിപ്പൂരിലും 28 ലക്ഷമായും ഉയര്‍ത്തി.

തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിലും ബി.ജെ.പിയാണ് ഭരണത്തില്‍. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലാണ് ബി.ജെ.പി ഭരണത്തിലുള്ളത്. പഞ്ചാബില്‍ കോണ്‍ഗ്രസാണ് ഭരണകക്ഷി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Uttar Pradesh CM Yogi Adityanath called the election as “80 versus 20 battle”, a highly controversial religious divide comment

We use cookies to give you the best possible experience. Learn more