ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സമാജ്‌വാദി പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ യോഗി എസ്.പി മുസ്‌ലിം പ്രീണനം നടത്തുകയാണെന്നും പറഞ്ഞു.
ഗാസിയാബാദില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു യോഗി.
”ഇന്ന് അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മാണം നടന്ന് കൊണ്ടിരിക്കുകയാണ്. കാശി വിശ്വനാഥ് ഇടനാഴിയുടെ പണി പൂര്‍ത്തിയായി. ഗാസിയാബാദില്‍ കൈലാസ് മാനസരോവര്‍ ഭവന്‍ നിര്‍മിക്കുന്നു.
മുമ്പ് ഇവിടെ ഒരു ഹജ്ജ് ഹൗസ് ആയിരുന്നു നിര്‍മിച്ചിരുന്നത്. എന്നാലിന്ന് ഹജ്ജ് ഹൗസ് അല്ല പകരം കൈലാസ് മാനസരോവര്‍ ഭവന്‍ ആണ് ഞങ്ങള്‍ ഉണ്ടാക്കിയത്. അതുകൊണ്ടാണ് ഞാന്‍ നിങ്ങളോട് പറയുന്നത്, ഇതിലെ വ്യത്യാസം വ്യക്തമാണ്.
സമാജ്‌വാദി പാര്‍ട്ടിക്ക് 2012ല്‍ അധികാരം ലഭിച്ചപ്പോള്‍ അവര്‍ ആദ്യമെടുത്തെ തീരുമാനം രാമജന്മഭൂമി ആക്രമിച്ച തീവ്രവാദികള്‍ക്ക് മേലുള്ള കേസുകള്‍ പിന്‍വലിക്കുക എന്നായിരുന്നു, ഉത്തര്‍പ്രദേശില്‍ ആരംഭിച്ച കലാപങ്ങള്‍ക്കും മാഫിയകള്‍ക്കും സംരക്ഷണം നല്‍കുക എന്നതായിരുന്നു.
ബി.ജെ.പി ഭരണത്തില്‍ വരും എന്ന പ്രതീതി ഉണ്ടായതിന് ശേഷമാണ് ഇത് അവസാനിച്ചത്,” യോഗി പറഞ്ഞു.
എസ്.പി അധികാരത്തില്‍ വന്നാല്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 300 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കുമെന്നും കര്‍ഷകര്‍ക്ക് ജലസേചനത്തിനായി സൗജന്യമായി പവര്‍ സപ്ലൈ നടത്തുമെന്നും അഖിലേഷ് യാദവ് പറഞ്ഞിരുന്നു. ഇതിനെയും യോഗി പരിഹസിച്ചു.
”എസ്.പി സര്‍ക്കാരിന്റെ സമയത്ത് നിങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി ലഭിച്ചിരുന്നോ? 300 യൂണിറ്റ് സൗജന്യ വൈദ്യതി തരും എന്ന് ഇന്നവര്‍ പറയുന്നു. അത് ലഭിച്ചില്ലെങ്കില്‍ വേറെ എന്താണ് അവര്‍ സൗജന്യമായി തരിക.
എന്താണോ പറഞ്ഞത് അത് ഞങ്ങള്‍ ചെയ്തിട്ടുണ്ട്, സംസ്ഥാനത്ത് വികസന പ്രവര്‍ത്തികള്‍ ചെയ്തു,” ബി.ജെ.പി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി 10നാണ് യു.പിയില്‍ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14നും മൂന്നാം ഘട്ടം ഫെബ്രുവരി 20നും നടക്കും. നാലാം ഘട്ടം ഫെബ്രുവരി 23നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും നടക്കും. ആറാം ഘട്ടം മാര്‍ച്ച് 3നും ഏഴാം ഘട്ടം മാര്‍ച്ച് 7നും നടക്കും. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.