ലഖ്നൗ: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ ഹാക്ക് ചെയ്തു. നാല് മണിക്കൂറോളം സമയമാണ് അക്കൗണ്ട് ഹാക്കര്‍മാര്‍ കൈക്കലാക്കിയത്.
യു.പി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക ഹാന്‍ഡില്‍ ഹാക്ക് ചെയ്തതിന് പിന്നാലെ നൂറോളം ട്വീറ്റുകളാണ് യോഗിയുടെ അക്കൗണ്ടില്‍ നിന്ന് ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ ഹാക്കേഴ്‌സ് അക്കൗണ്ട് ഹാക്ക് ചെയ്ത് പ്രൊഫൈല്‍ ചിത്രം മാറ്റി യോഗി ആദിത്യനാഥിനെ പരിഹസിച്ചുള്ള കാര്‍ട്ടൂണ്‍ ചിത്രം പോസ്റ്റ് ചെയ്തു. പിന്നാലെ ട്വിറ്ററില്‍ അനിമേഷന്‍ എങ്ങനെ ചെയ്യാമെന്ന ട്യൂട്ടോറിയല്‍ പോസ്റ്റ് ട്വീറ്റ് ചെയ്യുകയും ചെയ്തു.
ഡിസ്പ്ലേ ചിത്രമായിരുന്ന യോഗി ആദിത്യനാഥിന്റെ ഫോട്ടോ മാറ്റിയതിനൊപ്പം നിരവധി ട്വീറ്റുകളും പങ്കുവച്ചു. ഹാക്കിംഗ് ശ്രദ്ധയില്‍ പെട്ടതിന് പിന്നാലെ അക്കൗണ്ട് തിരിച്ച് പിടിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അക്കൗണ്ടില്‍ നിലവില്‍ മുഖ്യമന്ത്രിയുടെ ഫോട്ടോയും മറ്റ് വിവരങ്ങളും പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
നാല് മില്യണ്‍ ഫോളോവേഴ്‌സാണ് യോഗി ആദിത്യ നാഥിന്റെ ഓഫീഷ്യല്‍ അക്കൗണ്ടിനുള്ളത്. ഹാക്കിംഗിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം ആളുകള്‍ യു.പി പൊലീസിനെ ടാഗ് ചെയ്തതോടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്.
അതേസമയം, നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ അക്കൗണ്ടും സമാനമായ രീതിയില്‍ ഹാക്ക് ചെയ്തിരുന്നു. ഡിസംബര്‍ 2021 ല്‍ പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്ത് ബിറ്റ്കോയിന്‍ ഔദ്യോഗികമായി അംഗീകരിച്ചുവെന്ന തരത്തില്‍ ട്വീറ്റുകള്‍ പങ്കുവച്ചിരുന്നു.
Contnet Highlights: Uttar Pradesh CM Adityanath’s Twitter account hacked