| Wednesday, 25th October 2023, 9:00 am

വിദേശ ധനസഹായം; മദ്രസകള്‍ക്ക് പിഴയിട്ട് യു.പി സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്നൗ: ഉത്തര്‍പ്രദേശിലെ മദ്രസകള്‍ക്ക് വിദേശ ധനസഹായം ലഭിക്കുന്നുവെന്ന ആരോപണം അന്വേഷിക്കാന്‍ പുതിയ എസ്.ഐ.ടി (സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം) സംഘത്തെ രൂപീകരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശ് എ.ടി.എസിന്റെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ മോഹിത് അഗര്‍വാളിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഉത്തര്‍പ്രദേശില്‍ 25000 മദ്രസകള്‍ നിലവിലുണ്ട് . അവയില്‍ 16,500 മദ്രസകള്‍ക്ക് യു.പി വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരവുമുണ്ട്. രജിസ്ട്രേഷന്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഏഴായിരത്തിലധികമുള്ള മദ്രസകള്‍ ദിവസം 10000 രൂപ വീതം പിഴ നല്‍കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് നല്‍കി. എന്നാല്‍ വിദ്യാഭ്യാസ വകുപ്പിന്റെ നോട്ടീസ് നിയമ വിരുദ്ധമാണെന്ന് യു.പി ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് വ്യക്തമാക്കി.

അതേസമയം മുസഫര്‍നഗര്‍ എന്ന ജില്ലയില്‍ മാത്രം രജിസ്ട്രേഷന്‍ ഇല്ലാത്ത 12 മദ്രസകള്‍ക്കാണ് യു.പിയിലെ വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് നല്‍കിയത്.  സംസ്ഥാനത്ത് 4000 മദ്രസകള്‍ വിദേശ ധനസഹായം സ്വീകരിക്കുന്നുവെന്നാണ് ആരോപണം. വിദേശപണം തീവ്രവാദത്തിനോ നിര്‍ബന്ധിതമായ മത പരിവര്‍ത്തനത്തിനോ ഉപയോഗിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. നേപ്പാള്‍ അതിര്‍ത്തിയിലുള്ള മദ്രസകളാണ് കൂടുതലായും അന്വേഷണ പരിധിയില്‍ വരുന്നത്. രജിസ്റ്റര്‍ ചെയ്തതും അല്ലാത്തതുമായ മദ്രസകളെ ഉള്‍പ്പെടുത്തിയാകും അന്വേഷണമെന്നും സംഘം പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ മദ്രസ സര്‍വേക്ക് ശേഷം ഇന്ത്യ – നേപ്പാള്‍ അതിര്‍ത്തിക്കരികിലുള്ള ഏതാനും മദ്രസകള്‍ പതിവായി വിദേശ ധനസഹായം സ്വീകരിക്കുന്നുണ്ടെന്നും പണത്തിന്റെ കണക്ക് വ്യക്തമല്ലെന്നും ന്യൂനപക്ഷക്ഷേമ മന്ത്രി ധര്‍മ്മപാല്‍ സിങ് പറഞ്ഞു. മദ്രസകള്‍ക്ക് ഈ ആഴ്ച തന്നെ നോട്ടീസ് നല്‍കി തുടരുമെന്ന് എ.ഡി.ജി മോഹിത് അഗര്‍വാള്‍ പറഞ്ഞു.

അതിര്‍ത്തി പ്രദേശങ്ങളില്‍ അനുമതിയില്ലാതെ സ്ഥാപിച്ച മദ്രസകള്‍ക്ക് ലഭിക്കുന്ന വിദേശ ധനസഹായം അവര്‍ ദേശവിരുദ്ധ പ്രവര്‍ത്തങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി നേരത്തെ പരാതി ലഭിച്ചിട്ടുണ്ടെന്നും മോഹിത് പറഞ്ഞു. അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന നൂറോളം മദ്രസകള്‍ മൂന്ന് ദിവസത്തിനകം രേഖകള്‍ ഹാജരാക്കണമെന്നും ന്യൂനപക്ഷക്ഷേമ വകുപ്പ് അറിയിച്ചിട്ടുണ്ട്.

വിദേശ ധനസഹായത്തെ കുറിച്ച് ചോദ്യം ചെയ്തപ്പോള്‍ മദ്രസ അധികൃതര്‍ കൃത്യമായ മറുപടി തരാത്തതിനാലാണ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ മദ്രസകള്‍ വിദ്യാര്‍ത്ഥികളെ സൗജന്യമായാണ് പഠിപ്പിക്കുന്നതെന്നും മദ്രസകള്‍ക്ക് നോട്ടീസ് നല്‍കിയത് പ്രത്യേക മതത്തെ ചൂഷണം ചെയ്യാന്‍ വേണ്ടിയാണെന്നും ഉത്തര്‍പ്രദേശ് ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് സെക്രട്ടറി മൗലാന സാക്കിര്‍ ഹുസൈന്‍ ആരോപിച്ചു.

മദ്രസകളുടെ പാഠ്യപദ്ധതികളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഉള്ളടക്കങ്ങള്‍ നിയമവിരുദ്ധമാണെന്നും അത്തരം ഉള്ളടക്കങ്ങള്‍ പരിശോധിക്കേണ്ടതുമാണെന്ന് ഉത്തര്‍പ്രദേശ് ബാലാവകാശ കമ്മിഷന്‍ അറിയിച്ചു. നിയമ വിരുദ്ധ ഉള്ളടക്കങ്ങള്‍ മദ്രസ വെബ്‌സൈറ്റുകളില്‍ നിന്ന് നീക്കം ചെയ്യുന്നത് വരെ കുട്ടികളുടെ വെബ്‌സൈറ്റ് ഉപയോഗത്തില്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

Content Highlight: Uttar Pradesh Chief Minister Yogi Adityanath has fined madrassas

We use cookies to give you the best possible experience. Learn more