ലഖ്നൗ: ബുള്‍ഡോസ് രാജിനെ ന്യായീകരിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബുള്‍ഡോസര്‍ കൈകാര്യം ചെയ്യാന്‍ കഴിവ് വേണമെന്നും എല്ലാവര്‍ക്കും അതിനുള്ള ധൈര്യമുണ്ടാകില്ലെന്നും യോഗി പറഞ്ഞു. ബുള്‍ഡോസ് രാജിനെതിരായ ഹരജിയില്‍ ഇടപ്പെട്ട് സുപ്രീം കോടതി വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് യു.പി മുഖ്യമന്ത്രിയുടെ ന്യായീകരണം.
ബുള്‍ഡോസ് രാജിന് നേതൃത്വം നല്‍കുന്ന സംസ്ഥാനത്തെ ഉദ്യോഗസ്ഥരെ യോഗി അഭിനന്ദിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ജനങ്ങളെ പ്രതിപക്ഷ പാര്‍ട്ടികള്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് രാജ്യവ്യാപകമായി നടക്കുന്ന ബുള്‍ഡോസ് രാജിനെ വിമര്‍ശിച്ച് സുപ്രീം കോടതി രംഗത്തെത്തിയിരുന്നു. ഉടമ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതുകൊണ്ട് മാത്രം ആ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളോ സ്ഥാപനങ്ങളോ പൊളിക്കാന്‍ നിയമമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
കുറ്റം ചെയ്തുവെന്നാരോപിക്കപ്പെടുന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതിനാല്‍ മാത്രം വസ്തുവകകള്‍ പൊളിക്കാന്‍ അനുമതി ഇല്ലെന്നും കുറ്റം തെളിഞ്ഞാലും പൊളിക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ അനധികൃതമായി നിര്‍മിച്ചതാണെങ്കില്‍ നടപടികള്‍ സ്വീകരിക്കാമെന്നും കോടതി നിര്‍ദേശം നല്‍കിയിരുന്നു.
പൊതുവഴികള്‍ തടസപ്പെടുത്തുന്ന അനധികൃത നിര്‍മാണം സംരക്ഷിക്കില്ലെന്നും അത് ആരാധനാലയങ്ങളായാലും പൊളിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ബുള്‍ഡോസ് രാജിനെ ന്യായീകരിച്ച് പ്രതികരിച്ചത്.
എന്നാല്‍ യോഗിയെ വിമര്‍ശിച്ച്, സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് രംഗത്തെത്തി. യു.പി സര്‍ക്കാര്‍ ചില വ്യക്തികളെ പ്രത്യേകം ലക്ഷ്യമിട്ട് പ്രതികാരം തീര്‍ക്കുകയാണെന്ന് അഖിലേഷ് പറഞ്ഞു. ബുള്‍ഡോസ് രാജില്‍ സംസ്ഥാന സര്‍ക്കാര്‍ മാപ്പ് പറയണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു.
2027 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്.പി വിജയിച്ചാല്‍ സംസ്ഥനത്തെ മുഴുവന്‍ ബുള്‍ഡോസറുകളെയും ഗോരഖ്പൂരിലേക്ക് മാറ്റുമെന്നും അഖിലേഷ് പറഞ്ഞു. തലച്ചോറില്ലാതെ സ്റ്റിയറിങ്ങിലൂടെ പ്രവര്‍ത്തിക്കുന്ന ഒന്നാണ് ബുള്‍ഡോസര്‍. എന്നാല്‍ യു.പിയിലെ ജനങ്ങള്‍ക്ക് അവരുടെ സ്റ്റിയറിങ് മാറ്റാന്‍ സാധിക്കുമെന്നും എസ്.പി മേധാവി മുന്നറിയിപ്പ് നല്‍കി.