| Tuesday, 5th November 2024, 8:37 am

ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾ ഉയരുന്നു; റിപ്പോർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾ ഉയരുന്നതായി ദി വയർ റിപ്പോർട്ട് ചെയ്തു. ഒക്ടോബർ 31രാത്രിയിൽ ഫത്തേപൂർ ജില്ലയിൽ ഒരു പത്രപ്രവർത്തകൻ കൊല്ലപ്പെടുകയും ഒക്ടോബർ 27 ന് ഹമീർപൂർ ജില്ലയിൽ നിന്നുള്ള മറ്റൊരു പത്രപ്രവർത്തകൻ ആക്രമണത്തിനിരയാവുകയും ചെയ്തിരുന്നു.

ഈ സംഭവങ്ങൾ സംസ്ഥാനത്തെ മാധ്യമ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നവയാണെന്ന് അപലപിച്ച് നിരവധി മാധ്യമ സംഘടനകൾ രംഗത്തെത്തി. മാധ്യമ പ്രവർത്തകരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്ന് ആവശ്യപ്പെട്ടുള്ള വിവിധ പ്രതികരണങ്ങൾക്ക് ഇത് ആക്കം കൂട്ടുകയും ചെയ്തു.

സരില നഗർ പഞ്ചായത്ത് ചെയർമാൻ പവൻ അനുരാഗിയും കൂട്ടാളികളും തങ്ങളെ ക്രൂരമായി മർദിച്ചുവെന്നാരോപിച്ച് ഹമീർപൂരിലെ രണ്ട് പ്രാദേശിക മാധ്യമപ്രവർത്തകരായ അമിത് ദ്വിവേദിയും ശൈലേന്ദ്ര കുമാർ മിശ്രയും പരാതി നൽകിയിരുന്നു. അനുരാഗിയുടെ ആളുകൾ തങ്ങളെ മർദിക്കുക മാത്രമല്ല തോക്കിന് മുനയിൽ നിർത്തി വസ്ത്രം അഴിച്ചുമാറ്റുകയും വീഡിയോകൾ പകർത്തുകയും നിർബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും ചെയ്തുവെന്ന് അവരുടെ പരാതിയിൽ പറയുന്നു.

ദ്വിവേദിയും മിശ്രയും സംഭവം ജാരിയ പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തു. ഒക്‌ടോബർ 27ന് വൈകിട്ട് 6.20ഓടെ ബാബു എന്ന ഗംഗാപ്രസാദ് അനുരാഗിക്ക് വേണ്ടി തങ്ങളെ ജാരിയ ബസ് സ്റ്റാൻഡിലേക്ക് വിളിപ്പിച്ചതായി മാധ്യമപ്രവർത്തകർ പറഞ്ഞു. അവർ എത്തിയപ്പോൾ, അവരെ ആകാശ് എന്നയാളുടെ വീട്ടിലെ മുറിയിലേക്ക് കൊണ്ടുപോയി, അവിടെ അനുരാഗിയും അഖിലേഷ് രാജ്പുത്, വിക്രം യാദവ് എന്നിവരുൾപ്പെടെ നിരവധി ആളുകൾ ഉണ്ടായിരുന്നതായും അവർ തങ്ങളെ ആക്രമിച്ചതായും മാധ്യമപ്രവർത്തകർ പറഞ്ഞു.

സംഭവത്തിൽ കുറ്റവാളികൾക്കൊപ്പം മാധ്യമപ്രവർത്തകർക്കെതിരെയും പൊലീസ് കേസ് എടുക്കുകയാണുണ്ടായത്. വീട്ടിലേക്ക് അതിക്രമിച്ച് കയറൽ, മനഃപൂർവ്വം അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ, കൂടാതെ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾ (അതിക്രമങ്ങൾ തടയൽ) നിയമം എന്നിവയാണ് മാധ്യമപ്രവർത്തകർക്കെതിരെ ചുമത്തിയ കുറ്റങ്ങൾ. ഭരണകക്ഷിയായ ബി.ജെ.പിയുടെ സമ്മർദത്തിന് വഴങ്ങിയാണ് പൊലീസുകാർ പ്രവർത്തിക്കുന്നതെന്ന് ദ്വിവേദിയും മിശ്രയും പറഞ്ഞു.

ഹമീർപൂരിലെ ഈ സംഭവം ഒറ്റപ്പെട്ടതല്ല. ദിവസങ്ങൾക്ക് മുമ്പ്, ഒക്ടോബർ 31 ന് ഫത്തേപൂർ ജില്ലയിൽ ദിലീപ് സൈനി എന്ന പത്രപ്രവർത്തകൻ കൊല്ലപ്പെട്ടിരുന്നു. മരണം സ്വത്ത് തർക്കം മൂലമാണെന്ന് പൊലീസ് വാദിക്കുന്നുണ്ടെങ്കിലും യഥാർത്ഥ മരണകാരണമോ കൂടുതൽ വിവരങ്ങളോ ലഭ്യമല്ല.

അടുത്തിടെ നടന്ന ആക്രമണങ്ങൾ ആശങ്കാജനകമാണെന്ന് ഉത്തർപ്രദേശ് അക്രഡിറ്റഡ് കറസ്‌പോണ്ടൻ്റ് കമ്മിറ്റി (യു.പി.എ.സി.സി) പറഞ്ഞു. പ്രതികൾക്കെതിരെ ഉടൻ നടപടിയെടുക്കണമെന്ന് അസോസിയേഷൻ പ്രസിഡൻ്റ് ഹേമന്ത് തിവാരി ആവശ്യപ്പെട്ടു.

ഇന്ത്യയിൽ പത്രസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആശങ്കകൾ വർധിക്കുന്നതിനിടയിലാണ് ഈ സംഭവങ്ങൾ. റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്‌സിൻ്റെ 2024ലെ പ്രസ് ഫ്രീഡം ഇൻഡക്‌സ് പ്രകാരം 180 രാജ്യങ്ങളിൽ ഇന്ത്യ 159-ാം സ്ഥാനത്താണ്.

Content Highlight: Uttar Pradesh: Brutal Attacks Against Journalists Spotlight Threat to Press Freedom in India

Latest Stories

We use cookies to give you the best possible experience. Learn more