| Sunday, 27th December 2020, 8:56 am

വോട്ടര്‍ പട്ടികയില്‍ വ്യാജ വോട്ടര്‍മാരെ ഉള്‍പ്പെടുത്തിയില്ല; യു.പിയില്‍ ബൂത്ത് ലെവല്‍ ഓഫീസറെ അടിച്ചുകൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസറെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി.45 കാരനായ സൂരജ്പാല്‍ വര്‍മ്മയാണ് കൊല്ലപ്പെട്ടത്.

വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയില്‍ വ്യാജ വോട്ടര്‍മാരെ ഉള്‍പ്പെടുത്താന്‍ വിസമ്മതിച്ചതിന്റെ പേരിലാണ് ഇദ്ദേഹത്തിന് ക്രൂരമര്‍ദ്ദനമേറ്റത്. വെള്ളിയാഴ്ചയാണ് ഇദ്ദേഹം മരിച്ചത്.

അതേസമയം, പോസ്റ്റ്മോര്‍ട്ടത്തില്‍ സുരജ്പാലിന് പരിക്കേറ്റതായി കണ്ടെത്തിയിട്ടില്ലെന്നും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും  പൊലീസ് സൂപ്രണ്ട് ജയ് പ്രകാശ് പറഞ്ഞു.

ബാര്‍ഖെഡ പൊലീസ് സ്റ്റേഷന് കീഴിലാണ് സംഭവം. പല്ലവ് ജയ്സ്വാള്‍ എന്നയാള്‍ വ്യാജ വോട്ടര്‍മാരെ ഉള്‍പ്പെടുത്താന്‍ സൂരജ്പാലിനെ നിര്‍ബന്ധിച്ചെന്നും അദ്ദേഹം വിസമ്മതിച്ചപ്പോള്‍ ഇയാള്‍ സൂരജ്പാലിനെ അധിക്ഷേപിച്ച് സ്‌കൂളിലെ ഒരു മുറിയിലേക്ക് വലിച്ചിഴച്ചതായുമാണ് പറയുന്നത്.
സൂരജ്പാല്‍ അബോധാവസ്ഥയില്‍ ആയതോടെ ജയ്സ്വാള്‍ ഓടി രക്ഷപ്പെട്ടുകയായിരുന്നു.

സംഭവത്തെക്കുറിച്ച് ഗ്രാമവാസികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് സൂരജ്പാലിന്റെ മകന്‍ സ്ഥലത്തെത്തി അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും യാത്രാമധ്യേ പിതാവ് മരിച്ചുവെന്ന് മകന്‍ പരാതിയില്‍ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ ജയ്സ്വാളിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും എസ്.എച്ച്.ഒ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Uttar Pradesh booth level officer ‘beaten to death for refusing to enlist fake voters’, alleges Son

We use cookies to give you the best possible experience. Learn more