| Saturday, 15th January 2022, 3:16 pm

അവിടെ തന്നെ ഇരുന്നുകൊള്ളൂ, തിരിച്ചു വരരുത്; യോഗിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് അഖിലേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടതിന് പിന്നാലെ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. യോഗി അയോധ്യയില്‍ നിന്നും മഥുരയില്‍ നിന്നും മത്സരിക്കുമെന്നുമുള്ള അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നപ്പോള്‍ സ്വന്തം മണ്ഡലമായ ഗൊരഖ്പൂരില്‍ നിന്ന് തന്നെയാണ് യോഗി മത്സരിക്കുന്നത്.

യോഗി ഗൊരഖ്പൂരില്‍ മത്സരിക്കുന്നതിനെ പരിഹസിച്ചുകൊണ്ടാണ് അഖിലേഷ് രംഗത്ത് വന്നത്.

‘നേരത്തെ അവര്‍ പറഞ്ഞുകൊണ്ടിരുന്നത് യോഗി അയോധ്യയില്‍ നിന്നും മത്സരിക്കുമെന്നാണ്, പിന്നെ പറയുന്നു അദ്ദേഹം മഥുരയില്‍ നിന്നും മത്സരിക്കുമെന്ന്, ഇടയ്ക്ക് പ്രയാഗ്‌രാജില്‍ നിന്നും മത്സരിക്കുമെന്നും പറഞ്ഞിരുന്നു. ഇപ്പോള്‍ നോക്കൂ. ബി.ജെ.പി അദ്ദേഹത്തെ ഗൊരഖ്പൂരിലേക്ക് തന്നെ അയച്ചിരിക്കുകരയാണ്. യോഗി അവിടെ തന്നെ ഇരുന്നാല്‍ മതി. അദ്ദേഹം അവിടെ നിന്നും ഇവിടേക്ക് വരണ്ട,’ അഖിലേഷ് പറഞ്ഞു.

അതേസമയം അല്പസമയം മുന്‍പാണ് ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടുകൊണ്ട് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗൊരഖ്പൂര്‍ നിയമസഭാ സീറ്റില്‍ മത്സരിക്കുമെന്നാണ് ഉത്തര്‍പ്രദേശ് ബി.ജെ.പിയുടെ ചുമതലയുള്ള ധര്‍മേന്ദ്ര പ്രധാന്‍ പ്രഖ്യാപിച്ചത്. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ സിരാതു നിയമസഭാ സീറ്റില്‍ മത്സരിക്കുമെന്നും ധര്‍മേന്ദ്ര പ്രധാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

12 മണിയോടെയാണ് ബി.ജെ.പി തങ്ങളുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത്. ഗൊരഖ്പൂര്‍ സീറ്റിലേക്കുള്ള വോട്ടെടുപ്പ് മാര്‍ച്ച് 3ാം തീയതിയാണ് നടക്കുന്നത്.

ഫെബ്രുവരി 10നാണ് യു.പിയില്‍ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14നും മൂന്നാം ഘട്ടം ഫെബ്രുവരി 20നും നടക്കും. നാലാം ഘട്ടം ഫെബ്രുവരി 23നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും നടക്കും. ആറാം ഘട്ടം മാര്‍ച്ച് 3നും ഏഴാം ഘട്ടം മാര്‍ച്ച് 7നും നടക്കും. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.

തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിലും ബി.ജെ.പിയാണ് ഭരണത്തില്‍. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലാണ് ബി.ജെ.പി ഭരണത്തിലുള്ളത്. പഞ്ചാബില്‍ കോണ്‍ഗ്രസാണ് ഭരണകക്ഷി.

അതേസമയം നേതാക്കള്‍ കൊഴിഞ്ഞുപോകുന്നതിന്റെ ആശങ്കയിലാണ് നിലവില്‍ സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വം. യോഗി മന്ത്രിസഭയിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് മന്ത്രി ധരംസിംഗ് സെയ്‌നിയടക്കം 3 മന്ത്രിമാരും അഞ്ച് എം.എല്‍.എമാരുമാണ് ഇതിനകം പാര്‍ട്ടി വിട്ടത്. പാര്‍ട്ടിക്ക് പിന്നാക്ക വിഭാഗത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചാണ് ഇവര്‍ പാര്‍ട്ടി വിട്ടത്.

എന്നാല്‍ അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം ദ്രുതഗതിയിലാക്കി വിശ്വാസികളെ കൂടെ നിര്‍ത്താനുള്ള ശ്രമത്തിലാണ് നിലവില്‍ ബി.ജെ.പി.
മകരസംക്രാന്തി ദിവസമായ ജനുവരി 14നായിരുന്നു ക്ഷേത്രത്തിന്റെ ഫൗണ്ടേഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കിയത്.

നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴും യു.പിയില്‍ 2017ല്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സമയത്തും നല്‍കിയ ഏറ്റവും വലിയ വാഗ്ദാനങ്ങളിലൊന്നായിരുന്നു അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം. തെരഞ്ഞെടുപ്പ് സമയങ്ങളില്‍ ക്ഷേത്ര നിര്‍മാണം വിഷയമാക്കിക്കൊണ്ട് ബി.ജെ.പി പ്രചാരണം നടത്തുന്നത് പതിവാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: uttar-pradesh-assembly-election-akhilesh-yadav-yogi-adityanath-stay-there-no-need-to-come-back-akhilesh-yadavs-swipe-at-yogi

Latest Stories

We use cookies to give you the best possible experience. Learn more