ഉത്തർപ്രദേശിൽ കൻവാർ യാത്ര കടന്നുപോകുന്നിടങ്ങളിൽ മാംസ വില്പന വേണ്ട: യോഗി ആദിത്യനാഥ്
India
ഉത്തർപ്രദേശിൽ കൻവാർ യാത്ര കടന്നുപോകുന്നിടങ്ങളിൽ മാംസ വില്പന വേണ്ട: യോഗി ആദിത്യനാഥ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st July 2024, 3:30 pm

ലഖ്‌നൗ: ജൂലൈയിൽ ആരംഭിക്കുന്ന ശ്രാവണ മാസത്തിലെ കൻവാർ യാത്രക്ക് മുന്നോടിയായി ഉത്തർപ്രദേശിൽ മാംസവിൽപന തടയാനൊരുങ്ങി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൻവാർ യാത്ര നടക്കുന്ന വഴികളിലാണ് മാംസം വിൽക്കുന്നതും വാങ്ങുന്നതും തടയാൻ സർക്കാർ തീരുമാനിച്ചത്. ഉത്തർപ്രദേശിൽ വിവിധ ഉത്സവങ്ങൾ നടക്കുന്നതിന് മുമ്പ് നടത്തിയ യോഗത്തിലാണ് സർക്കാർ ഈ തീരുമാനം എടുത്തത്.

വരാനിരിക്കുന്ന ഉത്സവങ്ങളുടെ ക്രമസമാധാനവും വിജയകരമായ നടത്തിപ്പിനും വേണ്ടിയാണ് ഈ നീക്കങ്ങൾ നടത്തുന്നതെന്നാണ് സർക്കാരിന്റെ അവകാശവാദം. ഇതിനായി ഉദ്യോഗസ്ഥർക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകിയതായും സർക്കാർ പറഞ്ഞു.

 

Read More: ഈ ബുൾഡോസർ നീതി ഇന്ത്യാ സഖ്യം അംഗീകരിക്കില്ല; പുതിയ ക്രിമിനൽ നിയമങ്ങൾക്കെതിരെ മല്ലികാർജുൻ ഖാർഗെ

ജൂലൈ 22 മുതലാണ് ശ്രാവണ മാസം ആരംഭിക്കുന്നത്. ഈ കാലയളവിൽ ശ്രാവണി, ശിവരാത്രി, നാഗപഞ്ചമി, രക്ഷാബന്ധൻ എന്നിവ ആഘോഷിക്കും. ഈ സമയത്താണ് പരമ്പരാഗത കൻവാർ യാത്രയും നടക്കുക. കൂടാതെ ജഗന്നാഥ രഥയാത്ര ജൂലൈ ഏഴ് മുതൽ ഒമ്പത് വരെ നടക്കുകയും അതിനോടൊപ്പം ജൂലൈ 17 മുതൽ 18 വരെ മുഹറം ആഘോഷിക്കപ്പെടുകയും ചെയ്യുന്നു. ജൂലൈ 21ന് ഗുരു പൂർണിമ ആഘോഷവും ഉണ്ട്.

ഈ ഉത്സവങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ മാർഗനിർദേശവുമായി ഉത്തർപ്രേദേശ് സർക്കാർ എത്തുന്നത്.

‘ഉത്സവങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ എല്ലാവരും ജാഗ്രത പുലർത്തേണ്ടതുണ്ട്. പരമ്പരാഗത കൻവാർ യാത്ര നടക്കാനുള്ളതിനാൽ ഗാസിയാബാദ്, മീററ്റ്, അയോദ്ധ്യ, പ്രയാഗരാജ്, വാരണാസി, ബാരാബങ്കി, ബസ്തി എന്നിവിടങ്ങളൊക്കെ വളരെ പ്രധാനപ്പെട്ട സ്ഥലങ്ങളാണ്. ഈ ഭാഗങ്ങളിൽ മാംസം വിൽക്കുന്നത് താത്കാലികമായി നിരോധിക്കാൻ സർക്കാർ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരിക്കുന്നു,’ യോഗി പറഞ്ഞു.

ഭക്തരുടെ വിശ്വാസത്തെ മാനിച്ചാണ് തങ്ങൾ ഈ തീരുമാനം എടുത്താണെന്നും സർക്കാർ വാദിച്ചു. കൻവാർ യാത്ര നടക്കുന്ന ഇടങ്ങളിലെ ശുചിത്വം പ്രധാനമാണെന്നും യോഗി കൂട്ടിച്ചേർത്തു. വഴിയിൽ സി.സി. ടി.വി ക്യാമറകൾ സ്ഥാപിക്കുമെന്നും പുതിയ വഴിവിളക്കുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതോടൊപ്പം മുഹറം ഘോഷയാത്രയിൽ അപകടമുണ്ടാക്കുന്ന വലിപ്പത്തിലുള്ള തസിയകൾ ഉൾപ്പെടുത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശ്രാവണമാസത്തിൽ എല്ലാ ഭക്ത ജനങ്ങളും ശിവ ക്ഷേത്രങ്ങൾ സന്ദർശിക്കാറുണ്ടെന്നും ക്ഷേത്രപരിസരങ്ങൾ വൃത്തിയായി സൂക്ഷിക്കണമെന്നും യോഗി പറഞ്ഞു. പഞ്ചായത്തീരാജ്, നഗരവികസന വകുപ്പ് എന്നിവർ ഇതിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും യോഗി കൂട്ടിച്ചേർത്തു.

 

 

Content Highlight:  Uttar Pradesh: Adityanath Bans Meat Sale in Open on Kanwar Yatra Route