| Tuesday, 31st December 2024, 4:48 pm

ഉത്ര വധക്കേസ്; പരോളിനായി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച കേസില്‍ പ്രതി സൂരജിന്റെ മാതാവിന് ജാമ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഉത്ര വധക്കേസില്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി പരോളിന് ശ്രമിച്ച കേസില്‍ പ്രതി സൂരജിന്റെ മാതാവിന് ഇടക്കാല ജാമ്യം ലഭിച്ചു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് തിരുത്തി ജാമ്യത്തിന് അപേക്ഷിച്ചതിനെ തുടര്‍ന്ന് പൂജപ്പുര ജയില്‍ സുപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസിലാണ് ജാമ്യം ലഭിച്ചത്.

അച്ഛന് ഗുരുതര അസുഖമെന്ന് പറഞ്ഞ് സൂരജ് പരോളിന് ശ്രമിക്കുകയായിരുന്നു. പിന്നാലെ സൂരജിനെതിരെ കേസെടുത്തിരുന്നു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലെ ക്രമക്കേട് ജയില്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതോടെ തട്ടിപ്പ് വെളിപ്പെടുകയായിരുന്നു. പിന്നാലെ സൂരജിന്റെമാതാവ് ഗിരിജയാണ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് തിരുത്തിയതെന്ന് കണ്ടെത്തിയത്.

പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് സൂരജ് ശിക്ഷ അനുഭവിക്കുന്നത്. അതിനിടെ സൂരജ് പരോളിന് ശ്രമിച്ചെങ്കിലും അപേക്ഷ തള്ളിയതോടെയാണ് തട്ടിപ്പിന് ശ്രമിച്ചത്. പിന്നാലെ അച്ഛന് ഗുരുതരമായ രോഗമാണെന്നും പരോള്‍ വേണമെന്നും ആവശ്യപ്പെട്ട് സൂരജ് സൂപ്രണ്ടിന് അപേക്ഷ നല്‍കുകയായിരുന്നു. അപേക്ഷയില്‍ ഡോക്ടര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റിന് പുറമെ ഗുരുതര അസുഖമെന്ന് രേഖപ്പെടുത്തുകയായിരുന്നു.

വ്യാജ രേഖയാണെന്ന് വ്യക്തമായതോടെയാണ് സൂരജിനെതിരെ സൂപ്രണ്ട് പൂജപ്പുര പൊലീസില്‍ പരാതി നല്‍കിയത്. ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയ ശേഷം  ഗുരുതര രോഗമെന്ന് എഴുതി ചേര്‍ത്തതെന്നാണ് കണ്ടെത്തല്‍. സര്‍ട്ടിഫിക്കറ്റ് നല്‍കിയത് താനാണെങ്കിലും  ഗുരുതര അസുഖമെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്ന് ഡോക്ടര്‍ അറിയിക്കുകയായിരുന്നു.

പിന്നാലെ നടത്തിയ അന്വേഷണത്തില്‍ പുറത്തുനിന്നുള്ള ആരോ ആണ് വ്യാജരേഖയുണ്ടാക്കിയതെന്ന വിവരം ലഭിക്കുകയായിരുന്നു. അമ്മയായിരുന്നു സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. സൂരജിനെയും അമ്മയെയും ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

2020 മേയ് ആറിനായിരുന്നു ഭര്‍ത്താവ് സൂരജ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയത്. ഏഴിനു രാവിലെ ഉത്രയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നാലെ ഉത്രയുടെ വീട്ടുകാര്‍ക്ക് സംശയം തോന്നുകയും പരാതി നല്‍കുകയും ചെയ്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സൂരജ് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തുന്നത്.

Content Highlight: Utra murder case; Sooraj’s mother granted bail in case of submitting fake medical certificate for her son’s parole

We use cookies to give you the best possible experience. Learn more