ചെന്നൈ: ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യാനൊരുങ്ങുന്ന ഫാമിലി മാന്‍ 2 വെബ് സീരിസ് നിരോധിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടിലുയരുന്ന പ്രതിഷേധങ്ങളില്‍ വിശദീകരണവുമായി സീരീസിന്റെ സംവിധായകര്‍. സീരീസ് സംവിധാനം ചെയ്ത രാജ് ആന്റ് ഡി.കെയാണ് മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.
‘സീരീസിന്റെ ട്രെയിലറിന്റെ ചില ഭാഗങ്ങള്‍ മാത്രം കണ്ടുള്ള തെറ്റിദ്ധാരണ് പലര്‍ക്കും. സീരീസിന്റെ എഴുത്തുകാരും അഭിനേതാക്കളും ഉള്‍പ്പടെയുള്ള ഭൂരിഭാഗം പേരും തമിഴ് വംശജരാണ്. തമിഴ് സംസ്‌കാരത്തേയും ചരിത്രത്തേയും അങ്ങേയറ്റം ബഹുമാനിക്കുന്നവരാണ് ഞങ്ങള്‍. എല്ലാവരും സീരീസ് ആദ്യം കാണുക. എന്നിട്ട് തീരുമാനിക്കു’, സംവിധായകര്‍ പറഞ്ഞു.
ഇതുസംബന്ധിച്ച് വാര്‍ത്താ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ക്ക് വൈകോ കത്തെഴുതുകയും ചെയ്തു. നേരത്തെ സീരിസില്‍ അഭിനയിച്ച സാമന്തയ്ക്ക് എതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
സീരിസില്‍ തമിഴ് പുലി പ്രവര്‍ത്തകയായിട്ടാണ് സാമന്തയെത്തുന്നത്. എന്നാല്‍ സംഘടനയെ തീവ്രവാദി സംഘടനയായിട്ടാണ് അവതരിപ്പിക്കുന്നതെന്നും തമിഴരുടെ വികാരം വ്രണപ്പെടുത്തുന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് സാമന്ത മാപ്പ് പറയണമെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
തമിഴ് സംവിധായകനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ സീമാനാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്.വെബ് സീരീസ് പുറത്തിറങ്ങിയാല്‍ സാമന്തയും അണിയറ പ്രവര്‍ത്തകരും ആമസോണും അതിന്റെ ഭവിഷ്യത്തുകള്‍ നേരിടേണ്ടിവരുമെന്ന് സീമാന്‍ പറഞ്ഞു.
എന്നാല്‍ സംഭവത്തില്‍ ഇതുവരെ സാമന്ത പ്രതികരിച്ചിട്ടില്ല. ആമസോണ്‍ പ്രൈമില്‍ ജൂണ്‍ നാല് മുതല്‍ സ്ട്രീം ചെയ്യാനൊരുങ്ങുന്ന ദ ഫാമിലി മാന്‍ -2 എന്ന വെബ് സീരീസില്‍ രാജിയെന്ന കഥാപാത്രത്തെയാണ് സാമന്ത അവതരിപ്പിക്കുന്നത്.
മനോജ് ബാജ്‌പേയ് ആണ് സീരിസിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കുടുംബസ്ഥനായ, അതേസമയം തീവ്രവാദ വിരുദ്ധ സേനയിലെ ഉദ്യോഗസ്ഥനുമായ ശ്രീകാന്ത് തിവാരി എന്ന കഥാപാത്രമായാണ് മനോജ് ബാജ്പേയ് ഫാമിലി മാനില്‍ എത്തുന്നത്.