ദുബൈ: നഴ്‌സിംഗ് തട്ടിപ്പ് കേസില്‍ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്ന ഉതുപ്പ് വര്‍ഗീസ് അബൂദാബിയില്‍ പിടിയിലായി. ഇന്റര്‍പോളാണ് ഇയാളെ പിടികൂടിയത്. അല്‍ സറാഫ് എന്ന റിക്രൂട്ട്‌മെന്റ് ഏജന്‍സിയുടെ പേരില്‍ കുവൈത്തിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്ത കേസിലാണ് ഇയാളെ സര്‍ക്കാര്‍ തെരഞ്ഞെു കൊണ്ടിരുന്നത്.
അബുദാബിയില്‍ ഉതുപ്പിന്റെ താമസ സ്ഥലത്ത് വെച്ചാണ് അറസ്റ്റ് നടന്നത്. നാല് ദിവസം മുമ്പാണ് അറസ്റ്റ് ചെയ്തതെന്നാണ് സൂചന. ഉതുപ്പിനെ നിയമക്രമങ്ങള്‍ പാലിച്ച ശേഷം ഇന്ത്യയിലെത്തിക്കും.
300 കോടി രൂപയുടെ തട്ടിപ്പാണ് ഇയാള്‍ നടത്തിയതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയത്. റിക്രൂട്ട്‌മെന്റ് സേവനത്തിന് ഫീസായി 19,500 രൂപ മാത്രമേ ഈടാക്കാന്‍ കഴിയുകയുള്ളൂ എന്നിരിക്കെ നഴ്‌സുമാരില്‍ നിന്നും ഇയാള്‍ 20 ലക്ഷം രൂപയാണ് കൈപറ്റിയിരുന്നത്. ഇത്തരത്തില്‍ 1629 നഴ്‌സുമാരില്‍ നിന്നാണ് അദ്ദേഹം പണം ഈടാക്കിയത്.
കേസില്‍ ഉതുപ്പ് നേരത്തെ സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. അന്വേഷണവുമായി സഹകരിക്കാമെന്നും ഇന്ത്യയിലേക്ക് തിരികെ എത്താന്‍ അനുവദിക്കണമെന്നും ഉതുപ്പ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.