കൊച്ചി: നഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസിലെ പ്രധാന പ്രതി ഉതുപ്പ് വര്‍ഗീസ് അറസ്റ്റില്‍. നെടുമ്പാശേരി വിമാനത്താവളത്തില്‍വെച്ചായിരുന്നു അറസ്റ്റ്.
അബുദാബിയില്‍ നിന്നും നെടുമ്പാശേരിയിലെത്തിയതായിരുന്നു ഇദ്ദേഹം. സി.ബി.ഐയാണ് ഉതുപ്പ് വര്‍ഗീസിനെ അറസ്റ്റു ചെയ്തത്.
ഇയാള്‍ക്കെതിരെ സി.ബി.ഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഉതുപ്പിന്റെ ഉടമസ്ഥതയിലുളള അല്‍സറാഫ എന്ന കൊച്ചിയിലെ സ്ഥാപനം കുവൈറ്റിലേക്കു നഴ്‌സുമാരെ റിക്രൂട്ട് ചെയ്തതിന്റെ പേരില്‍ വന്‍തുക തട്ടിയെന്നാണ് കേസ്. 300കോടി രൂപയാണ് തട്ടിപ്പു വഴി ഉതുപ്പ് നേടിയതെന്നാണ് കണക്കാക്കപ്പെടുന്നത്.
നഴ്‌സുമാരില്‍ നിന്ന് 19500രൂപ വാങ്ങുന്നതിനാണ് അനുമതിയുണ്ടായിരുന്നത്. എന്നാല്‍ 20 ലക്ഷത്തോളം രൂപയാണ് ഏജന്‍സി വാങ്ങിയത്. തട്ടിപ്പു തടയേണ്ട പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് ഉതുപ്പുവര്‍ഗീസുമായി ഗൂഢാലോചന നടത്തുകയും ലക്ഷങ്ങള്‍ കൈപ്പറ്റുകയും ചെയ്തതായാണ് സി.ബി.ഐയുടെ അന്വേഷണത്തില്‍ വ്യക്തമായത്.
തട്ടിപ്പുനടത്തി രാജ്യംവിട്ട ഉതുപ്പു വര്‍ഗീസിനെ പിടികൂടാന്‍ സി.ബി.ഐ ഇന്റര്‍പോളിന്റെ സഹായം തേടുകയായിരുന്നു. നേരത്തെ കുവൈറ്റിലുണ്ടായിരുന്ന ഇദ്ദേഹം പിന്നീട് യു.എ.ഇയിലേക്കു കടക്കുകയായിരുന്നു.