ബെംഗളൂരു: വീരപ്പന്റെ ജീവിതം അടിസ്ഥാനമാക്കി ഒരുക്കിയ വെബ്ബ് സീരിസിന് കര്‍ണാടക ഹൈക്കോടതിയുടെ വിലക്ക്. ‘വീരപ്പന്‍: ഹങ്കര്‍ ഫോര്‍ കില്ലിംഗ്’ എന്ന പേരില്‍ എ.എം.ആര്‍ പിക്‌ചേഴ്‌സ് ഒരുക്കുന്ന സീരീസാണ് കോടതി താത്കാലികമായി തടഞ്ഞുവച്ചത്.
വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി നല്‍കിയ പരാതിയിലാണ് കോടതി താല്‍ക്കാലികമായി സീരിസിന് വിലക്ക് ഏര്‍പ്പെടുത്തിയത്. വീരപ്പനെയും കുടുംബത്തിനെയും കെട്ടുകഥകള്‍ ഉപയോഗിച്ചും വ്യാജവിവരങ്ങള്‍ വെച്ചും അപമാനിക്കാനാണ് ശ്രമമെന്ന് മുത്തുലക്ഷ്മി കോടതിയില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.
തന്റെ ഭര്‍ത്താവ് കൊല്ലപ്പെട്ടിട്ട് 16 കൊല്ലമായി, ഇതിനിടെ പലരും വീരപ്പന്റെ ജീവിതമെന്ന പേരില്‍ സിനിമകളെടുത്ത് പണം സമ്പാദിക്കുകയും തങ്ങളുടെ കുടുംബത്തെ അപമാനിക്കുകയാണെന്നും മുത്തുലക്ഷ്മി പറഞ്ഞു.
നേരത്തെയും സമാനമായ രീതിയില്‍ സിനിമകള്‍ എടുത്തിരുന്നു ഇതിനെതിരെ താന്‍ സുപ്രീംകോടതിയെ വരെ സമീപിച്ചിരുന്നെന്നും എന്നാല്‍ അന്ന് സിനിമ പൂര്‍ത്തിയായി എന്ന കാരണം കാണിച്ച് സിനിമയ്ക്കുള്ള അനുമതി നല്‍കുകയായിരുന്നെന്നും മുത്തുലക്ഷ്മി പറഞ്ഞു.
ഇപ്പോള്‍ വീണ്ടും ഇതേ പോലെ ആവര്‍ത്തിക്കുകയാണ്. ഇത് തന്റെ വ്യക്തി ജീവിതത്തിലേക്കുള്ള കടന്നു കയറ്റവും ലംഘനവൂമാണെന്നും മുത്തുലക്ഷ്മി പറഞ്ഞു.
നേരത്തെ എ.എം ആര്‍ രമേശ് സംവിധാനം ചെയ്ത വനയുദ്ധം, കില്ലിംഗ് വീരപ്പ എന്നീ സിനിമകള്‍ വീരപ്പന്റെ ജീവിതം ആസ്പദമാക്കി ഇറങ്ങിയിരുന്നു.
വീരപ്പന്‍ തട്ടിക്കൊണ്ടു പോവുകയും 108 ദിവസം കാട്ടില്‍ ബന്ദിയാക്കുകയും ചെയ്ത കന്നഡ സൂപ്പര്‍താരം രാജ്കുമാറിന്റെ മകന്‍ ശിവ് രാജ് കുമാറിനെ നായകനാക്കി രാം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത ചിത്രമായിരുന്നു കില്ലിംഗ് വീരപ്പ.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക