| Monday, 25th May 2020, 10:20 am

സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു; അരങ്ങേറിയത് വൈകാരിക രംഗങ്ങള്‍; കുഞ്ഞിനെ വിട്ടുകിട്ടണമെന്ന് ഉത്രയുടെ പിതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: അഞ്ചല്‍ സ്വദേശിനി ഉത്രയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. തെളിവെടുപ്പില്‍ പാമ്പിനെ കൊണ്ടു വന്ന പ്ലാസ്റ്റിക് ജാര്‍ കണ്ടെടുത്തു.

ഉത്രയുടെ പഴയ കുടുംബ വീട്ടില്‍ നിന്നാണ് ജാര്‍ കണ്ടെത്തിയത്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എ. അശോകിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. സയന്റിഫിക് വിദഗ്ധര്‍ സ്ഥലത്തുനിന്ന് ഫിംഗര്‍പ്രിന്റ് അടക്കമുള്ള ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു.

സൂരജിനെ ഉത്രയുടെ വീട്ടില്‍ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ വൈകാരിക രംഗങ്ങളായിരുന്നു അരങ്ങേറിയത്. മകളെ കൊന്നവനെ വീട്ടില്‍ കയറ്റില്ലെന്ന് ഉത്രയുടെ അമ്മ പറഞ്ഞു. തെളിവെടുപ്പിനിടെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് സൂരജ് പ്രതികരിച്ചത്.

കല്ലുവാതുക്കലില്‍ നിന്ന് പണം കൊടുത്താണ് പാമ്പിനെ വാങ്ങിയതെന്ന് സൂരജ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. ഉത്രയ്ക്ക് പാമ്പുകടിയേറ്റ ദിവസം ബാങ്ക് ലോക്കറില്‍ നിന്ന് ഉത്രയുടെ 92 പവന്‍ സ്വര്‍ണം എടുത്തുവെന്നും സൂരജ് പറഞ്ഞിരുന്നു.

അതേസമയം ഉത്രയുടെ കുഞ്ഞിനെ വിട്ടുകിട്ടണമെന്ന് ഉത്രയുടെ പിതാവ് വിജയസേനന്‍ പറഞ്ഞു. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.

ഉത്രയുടെ കുഞ്ഞിന്റെ സുരക്ഷയ്ക്കാണ് പ്രാധാന്യം എന്നായിരുന്നു പത്തനംതിട്ട സി.ഡബ്ല്യൂ.സി ചെയര്‍മാന്‍ സക്കീര്‍ ഹുസൈന്‍ പ്രതികരിച്ചത്. ഉത്രയുടെ കുടുംബത്തിന്റെ പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്നും കുഞ്ഞിന്റെ കാര്യത്തില്‍ അപേക്ഷ ലഭിക്കുന്നതിനനുസരിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്രയുടെ കുഞ്ഞിന്റെ സംരക്ഷണ ചുമതലയില്‍ ഉടന്‍ അന്തിമ തീരുമാനമെടുക്കുമെന്ന് കൊല്ലം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ അറിയിച്ചു.

കുട്ടിയുടെ സംരക്ഷണം ആവശ്യപ്പെട്ട് സൂരജ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ സമീപിച്ചിരുന്നു. അമ്മ മരണപ്പെട്ട കുട്ടിയുടെ രക്ഷിതാവ് എന്ന നിലയിലാണ് കുഞ്ഞിനെ സൂരജിന് കൈമാറിയതെന്നും ചൈല്‍ഡ് വെല്‍ഫെയര്‍ ഉദ്യോഗസ്ഥനായ കെ.പി സജിനാഥ് പ്രതികരിച്ചു.

ഉത്രയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് സൂരജിന്റേയും പാമ്പ് പിടുത്തക്കാരനായ സുരേഷിന്റേയും അറസ്റ്റ് ഇന്നലെയാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. സംഭവത്തില്‍ പ്രഥമദൃഷ്ടിയില്‍ ദുരൂഹത ഉണ്ടായിരുന്നുവെന്നും ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു.

കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. വിചിത്രമായ കൊലപാതകമാണിത്. ഉത്രയെ ആദ്യം ഭര്‍തൃവീട്ടില്‍ വെച്ച് അണലിയെ കൊണ്ട് കടിപ്പിക്കാന്‍ ശ്രമിച്ചു.ഇതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. പിന്നീട് ആശുപത്രി വിട്ടപ്പോളാണ് വീണ്ടും ശ്രമം നടത്തിയത്.

ആദ്യ ശ്രമം പരാജയപ്പപ്പെട്ടതിന് ശേഷം ഉത്ര ഡിസ്ചാര്‍ജ് ചെയ്ത് സ്വന്തം വീട്ടിലെത്തിയ ശേഷം രണ്ടാം നാള്‍ മൂര്‍ഖനെ കൊണ്ട് കടിപ്പിക്കുകയായിരുന്നു. സൂരജ് ഉത്രയുടെ വീട്ടിലെത്തി കട്ടിലിനടിയില്‍ ബാഗ് വെച്ചിരുന്നു. ബാഗില്‍ ഡപ്പയിലാക്കി ഒരു മൂര്‍ഖനെയും സൂരജ് സൂക്ഷിച്ചിരുന്നു.

ഉത്ര ഉറങ്ങിയ ശേഷം ബാഗില്‍ നിന്ന് പാമ്പിനെ എടുത്ത് ശരീരത്തിലേക്ക് കുടഞ്ഞിടുകയായിരുന്നു. ഉത്രയെ പാമ്പ് രണ്ട് തവണ കടിക്കുന്നത് കട്ടിലില്‍ ഇരുന്ന് തന്നെ സൂരജ് നോക്കി നില്‍ക്കുകയായിരുന്നു. അതിന് ശേഷം പാമ്പിനെ ഡപ്പയിലാക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സൂരജിന് പാമ്പ് പിടിത്തത്തില്‍ വിദഗ്ധനും താല്‍പ്പരനുമാണ്.

സാമ്പത്തികലാഭം ലക്ഷ്യമിട്ടാണ് കൊലപാതകം നടത്തിയതെന്നും ഉത്രയുമായുള്ള ബന്ധം തുടരാന്‍ സൂരജിന് താല്‍പ്പര്യമില്ലായിരുന്നെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more