കൊല്ലം: ഉത്രവധക്കേസില്‍ പ്രതി സൂരജ് കുറ്റക്കാരന്‍. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ശിക്ഷാ വിധി മറ്റന്നാള്‍ പ്രഖ്യാപിക്കും.
കോടതിയില്‍ തിങ്കളാഴ്ച ഹാജരാക്കിയ ശേഷം കുറ്റം മുഴുവന്‍ സൂരജിനെ വായിച്ചുകേള്‍പ്പിച്ചു. എന്തെങ്കിലും പറയാനുണ്ടോയെന്ന ചോദ്യത്തിന് ഒന്നുമില്ല എന്നായിരുന്നു സൂരജിന്റെ മറുപടി.
ഒരു വര്‍ഷത്തോളം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് കേസില്‍ വിധി പറഞ്ഞത്. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന ഭര്‍ത്താവ് സൂരജിന് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.
സൂരജ് മാത്രമായിരുന്നു കേസിലെ പ്രതി.
87 സാക്ഷികള്‍ നല്‍കിയ മൊഴികളും 288 രേഖകളുമാണ് അന്വേഷണം സംഘം കോടതിയില്‍ സമര്‍പ്പിച്ചത്.
ജീവനുളള ഒരു വസ്തു കൊലപാതകത്തിനുളള ആയുധമായി ഉപയോഗിച്ചു എന്നതാണ് ഉത്ര വധ കേസിന്റെ ഏറ്റവും വലിയ സവിശേഷത. പ്രതിയായ സൂരജിന്റെ കുറ്റസമ്മത മൊഴിക്കപ്പുറം ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കാന്‍ പൊലീസ് നടത്തിയ ഡമ്മി പരീക്ഷണമടക്കമുളള വേറിട്ട അന്വേഷണ രീതികളും ഏറെ ചര്‍ച്ചയായിരുന്നു.
വിചാരണയുടെ തുടക്കം മുതല്‍ താന്‍ നിരപരാധിയെന്ന അവകാശവാദമാണ് പ്രതി സൂരജ് കോടതിക്കു മുന്നില്‍ ഉയര്‍ത്തിയത്.