| Monday, 28th September 2020, 11:18 pm

ഉത്ര കൊലക്കേസ്; പ്രതി സൂരജിന്റെ അമ്മയ്ക്കും സഹോദരിക്കും ജാമ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വിവാദമായ ഉത്ര കൊലക്കേസില്‍ ഭര്‍ത്താവ് സൂരജിന്റെ അമ്മയ്ക്കും സഹോദരിയ്ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു.
ഗാര്‍ഹിക പീഡനം തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു ഇവരുടെ അറസ്റ്റ്.

കേസില്‍ മൂന്നും നാലും പ്രതികളാണ് ഇവര്‍. സൂരജിന്റെ അച്ഛനും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. സൂരജിന്റെ അമ്മയുടെയും സഹോദരിയുടെയും മൊഴികളില്‍ അവ്യക്തതയുണ്ടെന്ന് പൊലീസ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.

അതേസമയം ഉത്രയുടെ കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ ഇവര്‍ക്കു പങ്കില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പാമ്പ് കടിയേറ്റ് ഉത്ര മരിച്ച സംഭവത്തില്‍ സൂരജ് പിടിയിലാകുമെന്ന് ഉറപ്പായതോടെ ഉത്രയുടെ ആഭരണങ്ങള്‍ ഒളിപ്പിക്കാനും മകനെ രക്ഷിക്കാനും വീട്ടുകാര്‍ സഹായിച്ചതായിട്ടായിരുന്നു പൊലീസ് പറഞ്ഞത്.

നേരത്തേ ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയത് താനാണെന്നു ഭര്‍ത്താവ് സൂരജ് ഏറ്റുപറഞ്ഞിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറക്കോട്ടുള്ള സൂരജിന്റെ വീട്ടില്‍ തെളിവെടുപ്പിനായി കൊണ്ടു വന്നപ്പോഴാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോള്‍ മാധ്യമങ്ങളോട് എന്തെങ്കിലും പറയാനുണ്ടോയെന്ന് വനംവകുപ്പ് സൂരജിനോട് ചോദിച്ചിരുന്നു. അപ്പോഴാണ് സൂരജ് ഉത്രയെ താനാണ് കൊന്നതെന്ന് കുറ്റസമ്മതം നടത്തിയത്.

അതേസമയം കേസില്‍ ഉത്രയെ കടിച്ച പാമ്പിന്റെ പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. ഉത്രയുടെ ലക്ഷകണക്കിന് രൂപാ വിലവരുന്ന സ്വത്ത് തട്ടിയെടുക്കാന്‍ സൂരജ് കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണ് ഇതെന്നാണ് റിമാന്റ് റിപ്പോര്‍ട്ട്.

കൊലപാതകത്തിന് സഹായം നല്‍കിയതില്‍ മുഖ്യപങ്ക് പാമ്പാട്ടിക്കാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആറ് പേജുള്ള റിമാന്റ് റിപ്പോര്‍ട്ടില്‍ രണ്ടാം പ്രതി പാമ്പാട്ടി സുരേഷിന് വ്യക്തമായ പങ്ക് ഉണ്ടന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി 12 നാണ് സുരേഷിനെ സൂരജ് പരിചയപ്പെടുന്നത്.

തുടര്‍ന്ന് പാമ്പിനെ പിടിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വീഡിയോ നോക്കി പഠിച്ചു. 17000 രൂപ കൈപറ്റി രണ്ട് പാമ്പുകളെ സുരേഷ് സൂരജിന് വിറ്റു.

പാമ്പുമായി സുരേഷ് സൂരജിന്റെ വീട്ടില്‍ എത്തിയെന്നും ഉത്ര ഉള്‍പ്പടെയുള്ളവരുടെ മുന്‍പില്‍ വിഷപാമ്പിനെ തുറന്ന് കാണിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Uthra murder case; Sooraj’s mother and sister granted bail

We use cookies to give you the best possible experience. Learn more