കൊല്ലം: ഉത്ര വധക്കേസില്‍ ശിക്ഷാവിധിക്ക് ശേഷം പ്രതി സൂരജിന്റെ പ്രതികരണം. കോടതിയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു സൂരജിന്റെ പ്രതികരണം.
സൂരജിന്റെ വാക്കുകള്‍:
ഞാനൊരു തെറ്റും ചെയ്തിട്ടില്ല. കോടതിയില്‍ നടന്ന ഒരു കാര്യവുമല്ല പത്രങ്ങളിലും മാധ്യമങ്ങളിലും വന്നുകൊണ്ടിരിക്കുന്നത്. ഉത്രയുടെ അച്ഛന്‍ കോടതിയില്‍ നല്‍കിയ മൊഴി മാത്രം വായിച്ചുനോക്കിയാല്‍ മതി. എല്ലാ കാര്യങ്ങളും മനസ്സിലാകും.
കോടതിയില്‍ ഉത്രയുടെ അച്ഛന്‍ നല്‍കിയ മൊഴി ഇനി ആര്‍ക്കും മാറ്റാനാവില്ലല്ലോ. ഉത്രയെ കുറിച്ചും കുടുംബത്തിനെക്കുറിച്ചും എന്റെ കുഞ്ഞിനെ കുറിച്ചും എല്ലാം പറയുന്നത് കഥകളാണ്. ഉത്ര ബി.എ വരെ പഠിച്ചയാളാണ്. ഉത്രയുടെ അച്ഛനോട് ചോദിച്ചാല്‍ മതി.
കേസില്‍ സൂരജ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി 17 വര്‍ഷം തടവിനുശേഷം ഇരട്ടജീവപര്യന്തമാണ് വിധിച്ചിരിക്കുന്നത്. അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
പ്രതിക്ക് വധശിക്ഷ വിധിക്കാതിരുന്നത് ക്രിമിനല്‍ പശ്ചാത്തലമില്ലാത്തതും പ്രായവും പരിഗണിച്ചാണെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു.
2020 മേയ് ഏഴിനാണ് അഞ്ചല്‍ ഏറം വെള്ളശ്ശേരില്‍വീട്ടില്‍ ഉത്രയെ (25) സ്വന്തംവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജ് (27) ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനും വേണ്ടി പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.
ആസൂത്രിത കൊല (ഇന്ത്യന്‍ ശിക്ഷാനിയമം 302-ാം വകുപ്പ്), നരഹത്യാശ്രമം (307ാം വകുപ്പ്), വിഷംനല്‍കി പരിക്കേല്‍പ്പിക്കല്‍ (328ാം വകുപ്പ്), തെളിവുനശിപ്പിക്കല്‍ (201 -ാം വകുപ്പ്) എന്നീ കുറ്റകൃത്യങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു.
സംസ്ഥാനത്ത് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തുന്ന ആദ്യകേസാണിത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Uthra Murder case Sooraj response