| Monday, 1st June 2020, 10:10 pm

അഞ്ചല്‍ കൊലപാതകം; സൂരജിന്റെ അച്ഛന്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം:  കൊലക്കേസില്‍ പ്രതിയായ സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്.

നേരത്തെ അച്ഛന് എല്ലാമറിയാമെന്ന് സൂരജ് മൊഴി നല്‍കിയിരുന്നു. ഒപ്പം സൂരജിന്റെ വീട്ടില്‍ കുഴിച്ചിട്ട നിലയില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെത്തിയിരുന്നു.

സൂരജിന്റെ അച്ഛനാണ് സ്വര്‍ണ്ണം കുഴിച്ചിട്ട സ്ഥലം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കാട്ടിക്കൊടുത്തത്.

വിവാഹ സമയത്ത് ഉത്രയുടെ കുടുംബം 98 പവന്റെ ആഭരണങ്ങളാണ് നല്‍കിയിരുന്നത്. സ്വര്‍ണ്ണാഭരണങ്ങള്‍ അടൂരിലെ ബാങ്ക് ലോക്കറിലാണ് സൂക്ഷിച്ചിരുന്നത്.

സ്വര്‍ണം സൂരജ് എടുത്തിട്ടുണ്ടെന്ന സംശയം കൊലപാതക ശേഷം ഉത്രയുടെ കുടുംബം ഉന്നയിച്ചിരുന്നു.

ഉത്രയുടെ ലക്ഷകണക്കിന് രൂപാ വിലവരുന്ന സ്വത്ത് തട്ടിയെടുക്കാന്‍ സൂരജ് കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണ് ഇതെന്നാണ് റിമാന്റ് റിപ്പോര്‍ട്ട്.

കൊലപാതകത്തിന് സഹായം നല്‍കിയതില്‍ മുഖ്യപങ്ക് പാമ്പാട്ടിക്കാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികളെ സൂരജിന്റെ വീട്ടില്‍ എത്തിച്ച് നേരത്തെ തെളിവെടുപ്പ് നടത്തിയിരുന്നു.

ആറ് പേജുള്ള റിമാന്റ് റിപ്പോര്‍ട്ടില്‍ രണ്ടാം പ്രതി പാമ്പാട്ടി സുരേഷിന് വ്യക്തമായ പങ്ക് ഉണ്ടന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി 12 നാണ് സുരേഷിനെ സൂരജ് പരിചയപ്പെടുന്നത്. തുടര്‍ന്ന് പാമ്പിനെ പിടിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വീഡിയോ നോക്കി പഠിച്ചു. 17000 രൂപ കൈപറ്റി രണ്ട് പാമ്പുകളെ സുരേഷ് സൂരജിന് വിറ്റു.

പാമ്പുമായി സുരേഷ് സൂരജിന്റെ വീട്ടില്‍ എത്തിയെന്നും ഉത്ര ഉള്‍പ്പടെയുള്ളവരുടെ മുന്‍പില്‍ വിഷപാമ്പിനെ തുറന്ന് കാണിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഗൂഢാലോചനയെകുറിച്ച് റിമാന്റ് റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്ന സാഹചര്യത്തില്‍ സൂരജിന്റെ അമ്മ, അച്ഛന്‍, സഹോദരി എന്നിവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു. ഗൂഢാലോചനയില്‍ പങ്കാളികളാണന്ന് സംശയിക്കുന്ന സുഹൃത്തുകളുടെ പട്ടികയും അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more