| Tuesday, 4th December 2018, 12:21 am

ഗോവധമാരോപിച്ച് ബജ്‌റംഗ്ദള്‍ സംഘര്‍ഷം; കൊല്ലപ്പെട്ടത് അഖ്‌ലാഖ് കൊലപാതകം അന്വേഷിച്ച ഉദ്യോഗസ്ഥന്‍; ആസൂത്രിതമെന്ന് ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷറില്‍ ഗോവധമാരോപിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സുബോധ് കുമാര്‍ സിംഗ്, ബീഫ് കൈവശംവെച്ചാന്നാരോപിച്ച് സംഘപരിവാര്‍ അനുകൂലികള്‍ അടിച്ചുകൊന്ന മുഹമ്മദ് അഖ്‌ലാഖിന്റെ കൊലപാതകം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍. ലാബിലേക്ക് അഖ്‌ലാഖിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത മാംസത്തിന്റെ സാമ്പിളുകള്‍ എത്തിച്ചതും ഈ ഉദ്യോഗസ്ഥനായിരുന്നു.

എന്നാല്‍ സുബോധ് കുമാറിനെ കേസിന്റെ പാതിവഴിയില്‍ വെച്ച് വാരാണസിയിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം സുബോധ് കുമാര്‍ വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ കല്ലേറിനിടെയാണ് കൊല്ലപ്പെട്ടതെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍.

ALSO READ: #fact check ശബരിമലയില്‍ പോകാന്‍ ശ്രമിച്ച ബാലികയെ അറസ്റ്റു ചെയ്തു കൊണ്ടു പോയി കേരള സര്‍ക്കാറിന്റെ ഹൈന്ദവനായാട്ട്; സത്യാവസ്ഥ ഇതാണ്

സുബോധിന്റെ ഇടത് പുരികത്തിന് സമീപം വെടിയേറ്റിട്ടുണ്ടെന്നും വെടിയുണ്ട തലയോട്ടിയ്ക്ക് മാരകമായ ക്ഷതമേല്‍പ്പിച്ചുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ദാദ്രിയിലെ അഖ്‌ലാഖ് കൊലപാതകക്കേസില്‍ ആദ്യ അന്വേഷണം നടത്തിയത് സുബോധായിരുന്നുവെന്ന് എ.ഡി.ജി.പി അനന്ത് കുമാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

സുബോദ് കുമാര്‍ സിംഗ് വെടിയേറ്റ് കിടക്കുന്ന വീഡിയോ

ദേശീയ തലത്തില്‍ ചര്‍ച്ചയായ ദാദ്രി സംഭവത്തില്‍ 18 പ്രതികളാണുള്ളത്. ഇതില്‍ മൂന്നുപേര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഗൗതംബുദ്ധ് നഗറിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്ലാഖ് (52) എന്നയാളെ ഗോമാംസം കൈവശം വെച്ചുവെന്ന് ആരോപിച്ച് ഒരു സംഘം വീട്ടില്‍ കയറി മര്‍ദ്ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്.

ALSO READ: സ്ത്രീപ്രവേശനത്തിനെതിരല്ല; കര്‍സേവ നടത്തിയത് പക്വതയില്ലാത്ത പ്രായത്തില്‍;നിലപാട് തിരുത്തി സി.പി സുഗതന്‍; ഹാദിയയോട് മാപ്പ് പറയുന്നെന്നും സുഗതന്‍

അഖ്ലാഖിന്റെ മകന്‍ ഡാനിഷിനെയും സംഘം ഗുരുതരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. അഖ്ലാഖിന്റെ വീട്ടില്‍നിന്ന് പൊലീസ് കണ്ടെത്തിയ മാംസം ആടിന്റേതായിരുന്നുവെന്നായിരുന്നു സുബോധ് കുമാര്‍ അന്വേഷിച്ചപ്പോള്‍ ആദ്യംവന്ന ഫോറന്‍സിക് പരിശോധനാ ഫലം.

ഇതിന് പിന്നാലെയാണ് സുബോധിനെ സ്ഥലം മാറ്റുന്നത്. പിന്നീട് വന്ന ഉദ്യോഗസ്ഥന്‍ പശുവിന്റെ മാംസമായിരുന്നു ഇതെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്.

ഇന്ന് ഉച്ചയോടെയാണ് ഗോവധമാരോപിച്ച് യു.പിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. പൊലീസ് സ്റ്റേഷനുനേരെ വ്യാപകമായ രീതിയില്‍ അക്രമിസംഘം കല്ലെറിയുകയായിരുന്നു.

വനത്തിനുസമീപമുള്ള ഗ്രാമത്തില്‍ 25 ഓളം കന്നുകാലികളുടെ ശവശരീരം ഇന്ന് രാവിലെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തീവ്രവലത് സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ALSO READ: ശരണമന്ത്രം രാഷ്ട്രീയ മുദ്രാവാക്യമാക്കി, ഭക്തരുടെ വേഷത്തിലെത്തിയവര്‍ ദര്‍ശനത്തിനെത്തിയ യുവതികളെ തടഞ്ഞു; സുപ്രീംകോടതിയില്‍ സര്‍ക്കാര്‍

കന്നുകാലികളുടെ ശവശരീരവുമായി ഒരുപറ്റമാളുകള്‍ റോഡ് ഉപരോധിക്കുകയും ചെയ്തു. ചിഗ്രാവതി പൊലീസ് സ്റ്റേഷനിലേക്കും അക്രമികള്‍ കന്നുകാലികളുടെ ശവശരീരം ട്രാക്ടറിലാക്കി മാര്‍ച്ച് ചെയ്തു.

പൊലീസ് ആകാശത്തേക്ക് വെടിവെച്ചെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല. ബജ്‌റംഗ്ദളിന്റെ നേതൃത്വത്തിലാണ് സംഘര്‍ഷം ഉടലെടുത്തത്.

സുബോധിന്റെ കൊലപാതകം ആസൂത്രിതമാണെന്ന ആരോപണവുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more