| Monday, 7th September 2020, 12:30 pm

'പാര്‍ട്ടിയെ നന്നാക്കാന്‍' കത്തെഴുതിയവരെ ഒഴിവാക്കി; യു.പി തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ പ്രിയങ്ക ഗാന്ധിയുടെ അടുപ്പക്കാര്‍ക്ക് സ്ഥാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വിമതസ്വരമുയര്‍ത്തി സോണിയ ഗാന്ധിയ്ക്ക് കത്തയച്ച നേതാക്കളെ മാറ്റിനിര്‍ത്തി തെരഞ്ഞെടുപ്പ് കമ്മിറ്റി പുനസംഘടിപ്പിച്ചു. മുതിര്‍ന്ന നേതാക്കളായ രാജ് ബബ്ബാര്‍, ജിതിന്‍ പ്രസാദ എന്നിവരെ തെരഞ്ഞെടുപ്പ് കമ്മിറ്റിയിലേക്ക് പരിഗണിച്ചില്ല.

ഇരുവരും കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിയ്ക്ക് കത്തയച്ചിരുന്നു. മുന്‍ കേന്ദ്രമന്ത്രി ആര്‍.പി.എന്‍ സിംഗിനും കമ്മിറ്റിയില്‍ സ്ഥാനമില്ല.

ഏഴ് കമ്മിറ്റികള്‍ക്കാണ് ഞായറാഴ്ച കോണ്‍ഗ്രസ് രൂപം നല്‍കിയത്. പ്രിയങ്ക ഗാന്ധിയ്ക്ക് അടുപ്പമുള്ള നേതാക്കളെയാണ് കമ്മിറ്റികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നേരത്തെ കോണ്‍ഗ്രസിന്റെ ലോക്‌സഭാ പാനലിലും വിമതസ്വരമുയര്‍ത്തിയവരെ മാറ്റിനിര്‍ത്തിയിരുന്നു. ശശി തരൂരും, മനീഷ് തിവാരിയുമാണ് അന്ന് മാറ്റിനിര്‍ത്തപ്പെട്ടത്.

അതേസമയം മറ്റ് ചുമതലകള്‍ നല്‍കിയതിനാലാണ് നേതാക്കളെ തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതിരുന്നതെന്നാണ് കോണ്‍ഗ്രസ് നല്‍കുന്ന വിശദീകരണം.

പാര്‍ട്ടിയുടെ ദൗര്‍ബല്യം കത്തിലൂടെ ചൂണ്ടിക്കാട്ടിയ നേതാക്കളെ നയരൂപീകരണ യോഗത്തില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിരുന്നു. ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ്മ എന്നിവരടക്കമുള്ളവര്‍ക്ക് യോഗത്തിലേക്ക് ക്ഷണമുണ്ടായില്ല. സോണിയക്ക് കത്തെഴുതിയ 23 അംഗ സംഘത്തിലുള്ള മറ്റ് എം.പിമാരെയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല.

അതേസമയം, കത്തെഴുതിയ നേതാക്കള്‍ ഇപ്പോഴും നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Utharpradesh Congress Election Committee Dissenters Expelled Priyanka Gandhi Sonia Gandhi

We use cookies to give you the best possible experience. Learn more