| Friday, 15th September 2023, 9:12 am

ഉത്തരാഖണ്ഡ് പൊലീസ് മാനുവൽ പരിഷ്കരണം; 1,100 ഉർദു വാക്കുകൾക്ക് പകരം ഇനി മുതൽ ഹിന്ദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡെറാഡൂൺ: ഉപയോഗത്തിൽ ഉണ്ടായിരുന്ന 1,100 ഉർദു വാക്കുകൾക്ക് പകരം ഹിന്ദി വാക്കുകൾ ചേർത്ത് 700 പേജുകൾ വരുന്ന പരിഷ്കരിച്ച പൊലീസ് ട്രെയിനിങ് മാനുവൽ പ്രസിദ്ധീകരിച്ച് ഉത്തരാഖണ്ഡ് പൊലീസ്. ഇനി മുതൽ ഐ.പി.സി, സി.ആർ.പി.സി, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയ്ക്ക് കീഴിൽ വരുന്ന കേസുകൾ റിപ്പോർട്ട് ചെയ്യുന്നതും കോടതിയിൽ ഹരജി നൽകുന്നതിനും ഹിന്ദി വാക്കുകളായിരിക്കും ഉപയോഗിക്കുക.

നൂറ്റിയൻപതോളം വർഷം ഉപയോഗത്തിൽ ഉണ്ടായിരുന്ന വാക്കുകളാണ് ഇപ്പോൾ ഉപയോഗത്തിൽ നിന്ന് മാറ്റിയത്.
സങ്കീർണമായ പദങ്ങൾ ഇനി ഉപയോഗിക്കേണ്ടി വരില്ല എന്ന് ഐ.ജി കേവൽ ഖുറാന മാധ്യമങ്ങളോട് പറഞ്ഞു.
‘നിത്യേനയുള്ള റിപ്പോർട്ടിങ്ങിൽ ഇനി ഉദ്യോഗസ്ഥർക്ക് സങ്കീർണമായ വാക്കുകളായ ‘ബമുടിയാട്ട്’ (പരാതിക്കാരൻ), ‘തഫ്സീൽ’ (സംഭവത്തിന്റെ വിവരണം), ‘നക്ഷാ-നസറി’ (സംഭവസ്ഥലം), ‘തസ്‌ക്കാര’ (പൊലീസ് ഡയറിയിൽ എഴുതിയ വിശദീകരണം) പോലെയുള്ളവ ഉപയോഗിക്കേണ്ടി വരില്ല. പഴയ ഉദ്യോഗസ്ഥർ പോലും ഇപ്പോൾ ഉപയോഗിക്കാത്ത 1,100 വാക്കുകളാണ് ഗവേഷണത്തിൽ ഞങ്ങൾ കണ്ടെത്തിയത്,’ അദ്ദേഹം പറഞ്ഞു.

ഐ.പി.സി, സി.ആർ.പി.സി, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവ 150 വർഷങ്ങൾക്ക് മുമ്പ് വന്നതാണെന്നും ആ സമയങ്ങളിൽ ഉർദു വാക്കുകളാണ് റിപ്പോർട്ടിങ്ങിലും വിചാരണയിലും ഉപയോഗിച്ചിരുന്നത് എന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

കാലക്രമേണ സ്കൂളുകളിലെയും കോളേജുകളിലെയും കരിക്കുലത്തിൽ നിന്നും ഈ വാക്കുകൾ അപ്രത്യക്ഷമായെന്നും അതോടെ പുതുതായി നിയമിതരാകുന്നവർക്ക് ഈ വാക്കുകൾ ഓർമിക്കുന്നത് പ്രയാസകരമായെന്നും ഐ.ജി പറഞ്ഞു.
‘ഇനി മുതൽ ട്രെയ്‌നീ ഉദ്യോഗസ്ഥർക്ക് ഹിന്ദി വാക്കുകൾ മാത്രം പഠിച്ചാൽ മതിയാകും,’ അദ്ദേഹം പറഞ്ഞു.

20 ഉദ്യോഗസ്ഥർ രണ്ടര മാസത്തോളം നടത്തിയ ഗവേഷണത്തിലാണ് ഉർദു വാക്കുകൾ കണ്ടെത്തിയതും പകരം ഹിന്ദി വാക്കുകൾ ചേർത്തതും.

Content Highlight: New Utharakhand police manual; No urdu, only hindi words in day-to-day work

We use cookies to give you the best possible experience. Learn more