[share]
[]മഹാരാഷ്ട്ര: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാന്‍ മുന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനും യു.എസില്‍ അറസ്റ്റിലായ ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെയുടെ പിതാവുമായ ഉത്തം ഖോബ്രഗഡെയും.
കഴിഞ്ഞ ദിവസമാണ് ഉത്തം ഖോബ്രഗഡെ താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാന്‍ പോകുന്ന വിവരം വെളിപ്പെടുത്തിയത്. വിദര്‍ഭയില്‍ നിന്നാണ് ഉത്തം ലോക്‌സഭാ സീറ്റിനായി മത്സരിയ്ക്കുക.
എന്നാല്‍ തന്റെ തിരഞ്ഞെടുപ്പ് സീറ്റിനെ കുറിച്ചും ഏതു പാര്‍ട്ടിയുടെ ലേബലിലായിരിയ്ക്കും മത്സരിയ്ക്കുക എന്നതു സംബന്ധിച്ചും കൂടുതല്‍ വ്യക്തമാക്കാന്‍ ഉത്തം ഖോബ്രഗഡെ തയ്യാറായില്ല.
തിരഞ്ഞെടുപ്പ് മത്സര പ്രഖ്യാപനത്തെ തുടര്‍ന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് രാംദാസ് അത്വാലേ ശിവസേനയുമായി കൈകോര്‍ത്ത സംഭവത്തെ അദ്ദേഹം വിമര്‍ശിച്ചു. മകള്‍ ദേവയാനി ഖോബ്രഗഡെയോടൊപ്പമാണ് തന്റെ മത്സര പ്രഖ്യാപനത്തിനായി ഉത്തം ഖോബ്രഗഡെ എത്തിയത്.
സംവരണം മാനിച്ച് തനിയ്ക്ക് ഇന്ത്യന്‍ വിദേശകാര്യ വകുപ്പില്‍ പ്രവേശനം നല്‍കണമെന്ന് ദേവയാനി ഖോബ്രഗഡെ ആവശ്യപ്പെട്ടു. താന്‍ സംവരണം ആവശ്യപ്പെടുന്നതിനര്‍ത്ഥം ദളിതര്‍ ആരുടെയെങ്കിലും കീഴിലാണ് എന്നു കരുതിയല്ലെന്നും കഠിനാദ്ധ്വാനം കൊണ്ട് ദളിത് സ്ത്രീകള്‍ സമൂഹത്തില്‍ ശ്രദ്ധിയ്ക്കപ്പെടണമെന്നുള്ളതു കൊണ്ടാണെന്നും ദേവയാനി വ്യക്തമാക്കി.
ദേവയാനിയുടെ അറസ്റ്റും തുടര്‍സംഭവങ്ങളും ഏറെ ചര്‍ച്ചകളും വിവാദങ്ങളും രാജ്യത്ത് സൃഷ്ടിച്ചിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടതിനു ശേഷം യു.എസില്‍ ദേവയാനിയെ നഗ്ന പരിശോധനയ്ക്ക് വിധേയയാക്കിയത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി വിവിധ സാമൂഹിക- രാഷ്ട്രീയ- മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
വീട്ടുജോലിക്കാരി സംഗീത റിച്ചാര്‍ഡിന്റെ വീസയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയതിനെത്തുടര്‍ന്നാണ് ന്യൂയോര്‍ക്കില്‍ വച്ച് ഡിംസബര്‍ 12നാണ് ദേവയാനി ഖൊബ്രഗഡെയെ അറസ്റ്റ് ചെയ്തത്. 250,000 ഡോളര്‍ പിഴയടച്ചാണ് ദേവയാനി പിന്നീട് പുറത്തിറങ്ങിയത്.