Sports News
അവന്‍ ഓപ്പണിങ് ഇറങ്ങിയിട്ട് കാര്യമില്ല, നാലാം നമ്പറാണ് അവന്റെ മികച്ച പൊസിഷന്‍: ഉസ്മാന്‍ ഖവാജ
സ്പോര്‍ട്സ് ഡെസ്‌ക്
2024 Sep 13, 11:40 am
Friday, 13th September 2024, 5:10 pm

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ മിന്നും താരമായിരുന്നു ഡേവിഡ് വാര്‍ണര്‍. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ഓപ്പണറായ താരം വിരമിച്ചതിന് ശേഷം സ്റ്റീവ് സ്മിത്തിനാണ് ഓപ്പണറായി സ്ഥാനക്കയറ്റം ലഭിച്ചത്. എന്നാല്‍ മികച്ച രീതിയില്‍ ടീമിന് തുടക്കം നല്‍കാന്‍ താരത്തിന് സാധിച്ചിരുന്നില്ല.

നാലാം നമ്പര്‍ പെസിഷനില്‍ ടീമിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴച്ചവെച്ച സ്മിത്ത് ഓപ്പണിങ്ങില്‍ പരാജയപ്പെടുന്നതായി പല താരങ്ങളും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് സ്മിത്ത് പ്രതികരിച്ചിട്ടില്ല.


ഇപ്പോള്‍ സഹതാരമായ ഉസ്മാന്‍ ഖവാജ സ്മിത്തിന്റെ പൊസിഷനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്. സ്മിത്തിന് നാലാം നമ്പറില്‍ ബാറ്റ് ചെയ്യുന്നതാണ് ഏറ്റവും അനുയോജ്യമെന്നാണ് താരം പറഞ്ഞിരിക്കുന്നത്.

‘അവന്‍ ഒരിക്കലും അത് പറയില്ല, പക്ഷേ അവനെ നാലാം നമ്പര്‍ സ്ലോട്ടിന് വേണ്ടി സൃഷ്ടിച്ചതാണെന്ന് എനിക്ക് തോന്നുന്നു. അവന്‍ എന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് കളിക്കാരനാണ്, അവന്റെ ഏറ്റവും മികച്ച സ്ഥാനം നാലാം നമ്പറാണ്. ഇത് ഓസ്ട്രേലിയയുടെ മികച്ച താല്‍പ്പര്യം കൂടിയാണ്. (മാര്‍ക്കസ്) ലാബുഷാന്‍ മൂന്ന്, സ്മിത്ത് നാല് എന്നീ പൊസിഷനില്‍ ഇറങ്ങിയാല്‍ ടീമിനെ തീര്‍ച്ചയായും സഹായിക്കാന്‍ കഴിയും,’ഖവാജ ഫോക്‌സ് ക്രിക്കറ്റിനോട് പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റില്‍ ഓപ്പണറായി ഒരു ഫിഫ്റ്റി മാത്രമാണ് സ്മിത്ത് അടിച്ചത്. നാലാം സ്ഥാനത്തുള്ള സ്മിത്തിന്റെ ടെസ്റ്റ് ശരാശരി 61.51 ആണ്. എന്നാല്‍ ഓപ്പണിങ്ങില്‍ 28.50 ശരാശരി മാത്ര മാണ് താരത്തിനുള്ളത്. ടെസ്റ്റിലെ ബാറ്റിങ് ഓര്‍ഡറിലെ മാറ്റങ്ങള്‍ കുറഞ്ഞ സ്‌കോറുകള്‍ക്ക് കാരണമായെന്നും ഖവാജ പറഞ്ഞു.

‘നമ്മള്‍ ടീമിനെക്കുറിച്ച് ചിന്തിക്കണം. പ്ലെയിങ് ഇലവനില്‍ ഡേവിഡ് വാര്‍ണറും നാലില്‍ സ്മിത്തും ബാറ്റ് ചെയ്തപ്പോള്‍ ഞങ്ങള്‍ ഒരുപാട് റണ്‍സ് നേടിയിരുന്നു. സ്മിത്ത് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങളുടെ സ്‌കോറിങ്ങിന് തിരിച്ചടിയായി,’അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Content highlight: Usman Khwaja Talks About Steve Smith