വാര്‍ണര്‍ ഒരു ഹീറോയാണ്; ജോണ്‍സന്റെ വിമര്‍ശനത്തില്‍ പ്രതികരിച്ച് ഓസീസ് താരം
Cricket
വാര്‍ണര്‍ ഒരു ഹീറോയാണ്; ജോണ്‍സന്റെ വിമര്‍ശനത്തില്‍ പ്രതികരിച്ച് ഓസീസ് താരം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 4th December 2023, 2:18 pm

ഓസ്‌ട്രേലിയന്‍ ബാറ്റര്‍ ഡേവിഡ് വാര്‍ണറിനെതിരെ കടുത്ത വിമര്‍ശനവുമായി ഓസീസ് മുന്‍ പേസര്‍ മിച്ചല്‍ ജോണ്‍സണ്‍ രംഗത്തെത്തിയിരുന്നു.

സൗത്ത് ആഫ്രിക്കക്കെതിരെയുള്ള പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കുടുങ്ങിയ വാര്‍ണറിന് സിഡ്നിയില്‍ പാകിസ്ഥാനെതിരെ നടക്കുന്ന ടെസ്റ്റിലെ വിടവാങ്ങല്‍ മത്സരത്തിന് അര്‍ഹതയില്ലെന്നായിരുന്നു ജോണ്‍സണ്‍ പറഞ്ഞത്.

ടെസ്റ്റ് ക്രിക്കറ്റില്‍ വാര്‍ണര്‍ സമീപകാലങ്ങളില്‍ ഒന്നും ചെയ്തിട്ടില്ലെന്നും അതുകൊണ്ടുതന്നെ ഓസീസ് ഓപ്പണര്‍ ടെസ്റ്റ് ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നില്ലെന്നും ജോണ്‍സന്‍ വിമര്‍ശനം നടത്തിയിരുന്നു.

ഈ സാഹചര്യത്തില്‍ മിച്ചല്‍ ജോണ്‍സണ്‍ന്റെ വാര്‍ണറിനെതിരെയുള്ള പരാമര്‍ശത്തിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ താരം ഉസ്മാന്‍ ഖവാജ.

വാര്‍ണറിനെ ഒരു ‘ഹീറോ’ എന്ന് വിളിച്ചു കൊണ്ടായിരുന്നു ഖവാജ പിന്തുണ അറിയിച്ചത്.

‘ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും എന്റെ മനസിലെ ഹീറോകളാണ്. ക്രിക്കറ്റിന്റെ ഇരുണ്ട കാലത്തിലൂടെ അവര്‍ ഒരു വര്‍ഷം സഞ്ചരിച്ചു. ഈ ലോകത്ത് എല്ലാം തികഞ്ഞവരായി ആരും ഇല്ല. മിച്ചല്‍ ജോണ്‍സണ്‍ നിങ്ങളും പൂര്‍ണനല്ല,’ ഉസ്മാന്‍ ഖവാജ പറഞ്ഞു.

2018 കേപ്ടൗണില്‍ ദക്ഷിണാഫ്രിക്കെതിരെ നടന്ന മൂന്നാമത്തെ ടെസ്റ്റ് മത്സരത്തിലാണ് ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും പന്തില്‍ സാന്റ്‌പേപ്പര്‍ ഉപയോഗിച്ച് കൃത്രിമം കാണിച്ചത്. ഇതിന് പിന്നാലെ ക്രിക്കറ്റ് ഓസ്ട്രിയ താരങ്ങളെ വിലക്കിയിരുന്നു.

കഴിഞ്ഞ ലോകകപ്പില്‍ ഓസ്‌ട്രേലിയക്കായി മികച്ച പ്രകടനമാണ് ഈ ഇടംകയ്യന്‍ ബാറ്റര്‍ കാഴ്ചവെച്ചത്. 12 മത്സരങ്ങളില്‍ നിന്നും 535 റണ്‍സാണ് വാര്‍ണര്‍ നേടിയത്.

പാകിസ്ഥാനെതിരെയുള്ള ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ വാര്‍ണര്‍ ഇടം നേടിയിരുന്നു. ഡിസംബര്‍ 14നാണ് ആദ്യ ടെസ്റ്റ് മത്സരം നടക്കുക.

Content Highlight: Usman Khawaja react Mitchell Johnson remark against David Warner.