Sports News
ലങ്കയ്‌ക്കെതിരെ ചരിത്രം കുറിച്ച് ഉസ്മാന്‍ ഖവാജ; സ്വന്തമാക്കിയത് കരിയറിലെ തകര്‍പ്പന്‍ നേട്ടം!
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 30, 07:08 am
Thursday, 30th January 2025, 12:38 pm

ഓസ്ട്രേലിയയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് ഗല്ലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളില്‍ ഇരു ടീമിന്റെയും അവസാന പരമ്പരയാണിത്.

നിലവില്‍ ആദ്യ ഇന്നിങ്‌സില്‍ ലങ്കയ്‌ക്കെതിരെ മികച്ച സ്‌കോറിലേക്കാണ് കങ്കാരുപ്പട നീങ്ങുന്നത്. ലഞ്ച് ബ്രേക്കിന് പിരിഞ്ഞപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 475 റണ്‍സാണ് ടീമിന്റെ സമ്പാദ്യം.

ഓസീസിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ ഉസ്മാന്‍ ഖവാജയും സ്റ്റീവ് സ്മിത്തുമാണ്. ഖവാജ നിലവില്‍ 290 പന്തില്‍ നിന്ന് 200* റണ്‍സ് നേടി തന്റെ ആദ്യ ടെസ്റ്റ് ഡബിള്‍ സെഞ്ച്വറി നേടിയിരിക്കുകയാണ്.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും 38കാരനായ ഖവാജയ്ക്ക് സാധിച്ചിരിക്കുകയാണ്. ശ്രീലങ്കയില്‍ നടക്കുന്ന ടെസ്റ്റ് മത്സരത്തില്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന ആദ്യത്തെ ഓസ്‌ട്രേലിയന്‍ താരമാകാനാണ് ഖവാജയ്ക്ക് സാധിച്ചത്.

താരത്തിന് പുറമെ മിന്നും പ്രകടനം കാഴ്ചവെച്ചത് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ്. 251 പന്തില്‍ നിന്ന് 141 റണ്‍സ് നേടി ഫോര്‍മാറ്റിലെ 35ാം സെഞ്ച്വറി നേടിക്കൊണ്ടാണ് താരം പുറത്തായത്. നിലവില്‍ ക്രീസില്‍ തുടരുന്ന ജോഷ് ഇംഗ്ലിസ് 46 പന്തില്‍ നിന്ന് 44 റണ്‍സ് നേടിയപ്പോള്‍ ഖവാജ 298 പന്തില്‍ നിന്ന് 204* റണ്‍സും നേടി.

മത്സരത്തില്‍ ടോസ് നേടി ഓസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് ഉസ്മാന്‍ ഖവാജയ്ക്കൊപ്പം ട്രാവിസ് ഹെഡാണ് ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. ടീം സ്‌കോര്‍ 92ല്‍ നില്‍ക്കവെ ഹെഡിനെ പുറത്താക്കി പ്രഭാത് ജയസൂര്യ ടീമിന് ബ്രേക് ത്രൂ നല്‍കി. 40 പന്തില്‍ 57 റണ്‍സ് നേടിയാണ് ഹെഡ് പുറത്തായത്. വണ്‍ ഡൗണായെത്തിയ മാര്‍നസ് ലബുഷാന്‍ 50 പന്തില്‍ 20 റണ്‍സുമായും കളം വിട്ടു.

 

Content Highlight: Usman Khawaja In Great Record Achievement In Sri Lanka