ഉസ്മാന്‍ ഖാന് എട്ടിന്റെ പണി; പാകിസ്ഥാന് വേണ്ടി കളിക്കാന്‍ തീരുമാനിച്ചതിന് ഇത്രയും പ്രതീക്ഷിച്ചില്ല
Sports News
ഉസ്മാന്‍ ഖാന് എട്ടിന്റെ പണി; പാകിസ്ഥാന് വേണ്ടി കളിക്കാന്‍ തീരുമാനിച്ചതിന് ഇത്രയും പ്രതീക്ഷിച്ചില്ല
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 7th April 2024, 2:00 pm

പാകിസ്ഥാന്‍ വംശജനായ ഉസ്മാന്‍ ഖാന്‍ ജനിച്ച രാജ്യത്തിനുവേണ്ടി കളിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് അഞ്ച് വര്‍ഷത്തേക്ക് താരത്തിന് വിലക്ക് നല്‍കി.

അടുത്തിടെ നടന്ന പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ സെഞ്ച്വറി നേടി സെലക്ടര്‍മാരുടെ കണ്ണില്‍ ഇടം പിടിച്ച ശേഷം ഖാന്‍ പാകിസ്ഥാനോടൊപ്പം പരിശീലനത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. 28 കാരനായ താരം ഫൈനലിസ്റ്റായി മുള്‍ട്ടാന്‍ സുല്‍ത്താന്‍സിന് വേണ്ടി വിദേശ കളിക്കാരനായി പി.എസ്.എല്ലില്‍ ഇടം നേടിയിരുന്നു. പക്ഷേ പാകിസ്ഥാനെ പ്രതിനിധീകരിക്കാന്‍ അദ്ദേഹത്തിന് താത്പര്യം ഉള്ളതിനാല്‍ എമിറേറ്റ്‌സ് ബോര്‍ഡ് താരത്തിന് വിലക്ക് നല്‍കുകയായിരുന്നു.

‘വിദേശ പര്യടനത്തിന് ശേഷം യു.എ.ഇ ടീമിനായി കളിക്കുന്നതില്‍ ഉസ്മാന്‍ ഇ.സി.ബി.എയെ തെറ്റിദ്ധരിപ്പിച്ചു. ഇതോടെ മറ്റു സാധ്യതകളും അവസരങ്ങളും ഉപയോഗിക്കാനായി തീരുമാനിച്ചതും കണ്ടെത്തി,’ഇ.സി.ബി പ്രസ്താവനയില്‍ പറഞ്ഞു.

‘താരം ടീമിന് നല്‍കേണ്ട ബാധ്യതകള്‍ ലംഘിച്ചതായി കണ്ടെത്തി അതിനാല്‍ ഇ.സി.ബി അനുവദിച്ച ടൂര്‍ണമെന്റുകളിലും ലീഗുകളിലും കളിക്കാന്‍ താരത്തിന് യോഗ്യതയില്ല. യു.എ.ഇയിലെ അക്കാദമികളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പ്രാദേശിക ലീഗുകളില്‍ നിന്നും താരം പുറത്താകും,’ പ്രസ്താവനയില്‍ വ്യക്തമാക്കിയത്.

അഞ്ചുവര്‍ഷത്തെ അനുമതിപ്രകാരം 2029 വരെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ രണ്ടു പ്രധാന ടി-ട്വന്റി ലീഗുകളായ ഐ.എല്‍. ടി-ട്വന്റി, അബുദാബി ടി-ടെന്‍ എന്നിവ ഖാന് നഷ്ടമാകും.

 

Content highlight: Usman Khan Banned For Five Years In Cricket