മുസ്ലീം ലീഗ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന് ഇന്ന് തുടക്കം
Kerala
മുസ്ലീം ലീഗ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന് ഇന്ന് തുടക്കം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th September 2013, 7:14 am

[]മലപ്പുറം: ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുസ്ലീം ലീഗ്  ഇന്ന് തുടക്കം കുറിക്കും. പൊന്നാനി പാര്‍ലിമെന്റ് മണ്ഡലം കണ്‍വന്‍ഷനോടെയാണ് ലീഗ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുക.

യു.ഡി.എഫില്‍ ഇതാദ്യമായാണ് സ്വന്തം നിലയില്‍് ലീഗ് പ്രചരണങ്ങള്‍ ആരംഭിക്കുന്നത്. സാധാരണയായി മുന്നണിതലത്തില്‍ ഒരുക്കങ്ങള്‍ നടത്തുകയയും പ്രചാരണപരിപാടികള്‍ക്ക് തുടക്കം കുറിക്കുകയുമാണ് യു.ഡി.എഫില്‍ പതിവ്.

ഒപ്പം സ്വന്തം പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാനായി കക്ഷികള്‍ സ്വന്തം നിലയിലും യോഗങ്ങള്‍ വിളിക്കും. ഈ പതിവ് തെറ്റിച്ചാണ് ലീഗ് മുന്നോട്ട് പോകുന്നത്.

കോണ്‍ഗ്രസിനകത്ത് നിലനില്‍ക്കുന്ന ഗ്രൂപ്പ് പോരാണ് ഒറ്റക്ക് പ്രചാരണ പരിപാടികളുമായി നീങ്ങാന്‍ ലീഗിനെ  പ്രേരിപ്പിച്ചത് എന്നാണ് സൂചന. പൊന്നാനിയില്‍ തുടങ്ങി സംസ്ഥാനത്തെ  20 പാര്‍ലിമെന്ററി മണ്ഡലങ്ങളിലേക്കും പ്രചാരണപ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം.

ഇതിന് മുന്നോടിയായി വാര്‍ഡ്, പഞ്ചായത്ത്, നിയമസഭാ മണ്ഡലം തലങ്ങളില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കണ്‍വെന്‍ഷനുകല്‍ ലീഗ് ചേര്‍ന്ന് കഴിഞ്ഞു. പാര്‍ലിമെന്റ് കണ്‍വെന്‍ഷനോട് കൂടി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വിവിധ കമ്മറ്റികള്‍ രൂപീകരിക്കും.

യു.ഡി.എഫിലെ കോണ്‍ഗ്രസ്സടക്കമുള്ള മറ്റ് കക്ഷികള്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമ്പോഴേക്കും ആദ്യഘട്ട പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് തീര്‍ക്കാനാണ് ലീഗ് പദ്ധതി.

മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍, കേന്ദ്രമന്ത്രി ഇ അഹമ്മദ്, കെ പി എ മജീദ്, ഇടി മുഹമ്മദ് ബഷീര്‍, ലീഗ് മന്ത്രിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ ഇന്ന് പൊന്നാനിയല്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കും.