| Sunday, 7th December 2014, 2:09 pm

അന്ധവിശ്വാസത്തിന്റെ പേരില്‍ ചൂഷണം നടത്തിയാല്‍ ഇനി കടുത്ത ശിക്ഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അന്ധവിശ്വാസത്തിന്റെ പേരില്‍ ചൂഷണം നടത്തിയാല്‍ ഇനി കടുത്ത ശിക്ഷ ലഭിക്കും. സംസ്ഥാനത്ത് മന്ത്രവാദത്തിന്റെയും പൂജയുടെയും മറവില്‍ കൊലപാതകങ്ങളും ലൈംഗിക പീഡനങ്ങളും ഏറിവരുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു കരട് നിയമം കൊണ്ടുവന്നിരിക്കുന്നത്.

എ.ഡി.ജി.പി എ ഹേമേന്ദ്രന്റെ നേതൃത്വത്തിലാണ് ഇന്റലിജന്‍സ് കരട് രേഖ തയ്യാറാക്കിയിരിക്കുന്നത്. അന്ധവിശ്വസത്തിന്റെ പേരിലുള്ള “ചൂഷണം തടയല്‍” നിയമത്തിന്റെ കരടിലാണ് ശുപാര്‍ശ. ജനങ്ങളുടെ അന്ധവിശ്വാസം മുതലെടുത്ത് അവരെ ചൂഷണം ചെയ്യുകയാണെങ്കില്‍ മൂന്ന് വര്‍ഷം തടവും 50000 രൂപ പിഴയുമായിരിക്കും ശിക്ഷ ലഭിക്കുക.

ഭൂമിയോ പണമോ തട്ടിയാല്‍ ഏഴ് വര്‍ഷം വരെ തടവും രണ്ട് ലക്ഷം വരെ പിഴയും ലഭിക്കും. അന്ധവിശ്വാസം മുതലെടുത്ത് ലൈംഗിക പീഡനം നടത്തിയാല്‍ അഞ്ച് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കും

ചൂഷണം നടക്കുന്നതായി വിവരം ലഭിച്ചാല്‍ പൊലീസിന് സ്വമേധയാ കേസെടുക്കാമെന്നും കരട് ശുപാര്‍ശ ചെയ്യുന്നു. അന്ധവിശ്വാസത്തിന്റെ പേരു പറഞ്ഞോ അതീന്ദ്രീയ ജ്ഞാനമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചോ സാമ്പത്തിക തട്ടിപ്പ്, ലൈംഗിക ചൂഷണവും മാനഷ്ടവുമുണ്ടാക്കല്‍ എന്നിവ നടത്തിയാലാണ് ശിക്ഷ ലഭിക്കുക.

രോഗശാന്തി, സാമ്പത്തിക നേട്ടം, ശത്രുനിഗ്രഹം തുടങ്ങിയ വാദ്ഗാങ്ങള്‍ നല്‍കിയാണ് സംസ്ഥാനത്ത് പ്രധാനമായും തട്ടിപ്പുകള്‍ നടത്തുന്നത്. അന്ധവിശ്വാസത്തിന്റെ മറവില്‍ വെണ്ണിമൂങ്ങ, ഇരുതലമുരി, സ്വര്‍ണകുടം, ശംഖ് എന്നിവ വില്‍ക്കുന്ന മാഫികകളെ പിടികൂടാനും നിയമം അനുശാസിക്കുന്നുണ്ട്.

തെറ്റിദ്ധാരണ പരക്കുവിധം ഏലസുകള്‍, പൂജകള്‍ എന്നിവക്ക് പ്രചരിപ്പിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും പുതിയ നിയമം മുഖേന ശിക്ഷിക്കാം. പരാതിയില്ലെങ്കിലും തട്ടിപ്പും ചൂഷണവും നടക്കുന്നതായുള്ള വിവരം ലഭിച്ചാല്‍ പൊലീസിന് കേസെടുക്കാവുന്നതാണ്.

പരമ്പരാഗത ആചാരനുഷ്ഠാനങ്ങളെ തൊടാതെയാണ് കരട് നിയമം കൊണ്ടുവന്നിരിക്കുന്നത്. മഷിനോട്ടം, പക്ഷിശാസ്ത്രം ആള്‍ദൈവങ്ങള്‍ എന്നിവയെ പുതിയനിയമനം നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യുന്നില്ല.

We use cookies to give you the best possible experience. Learn more