'ഡ്രോണ്‍ ഉപയോഗിച്ചുള്ള ചിത്രം പകര്‍ത്തല്‍ ഇനി വേണ്ട'; താജ്മഹലിനു മുകളില്‍ ആളില്ലാ വിമാനം പറത്തിയാല്‍ അകത്താകും
Taj Mahal
'ഡ്രോണ്‍ ഉപയോഗിച്ചുള്ള ചിത്രം പകര്‍ത്തല്‍ ഇനി വേണ്ട'; താജ്മഹലിനു മുകളില്‍ ആളില്ലാ വിമാനം പറത്തിയാല്‍ അകത്താകും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th February 2018, 11:21 am

ആഗ്ര: ആളില്ലാ വിമാനങ്ങള്‍ (ഡ്രോണുകള്‍) ഉപയോഗിച്ച് ചരിത്ര സ്മാരകമായ താജ്മഹലിന്റെ ചിത്രങ്ങള്‍ പകര്‍ത്തുന്നവര്‍ ഇനിമുതല്‍ അഴിക്കുള്ളിലാകും. താജ്മഹലിന്റെ ഉള്ളിലും പുറത്തും ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള ചിത്രം പകര്‍ത്തല്‍ വ്യാപകമാണ്. ഇതിന് തടയിടാനാണ് ആഗ്ര പൊലീസ് പുതിയ തീരുമാനമെടുത്തത്.

ആളില്ലാവിമാനങ്ങള്‍ പറത്തുന്നത് നേരത്തേ തന്നെ നിരോധിച്ചിട്ടുണ്ടെങ്കിലും ഇത് ഫലം നല്‍കാത്തതിനാലാണ് കടുത്ത തീരുമാനത്തിലേക്ക് ആഗ്ര പൊലീസ് കടന്നത്.

ആളില്ലാ വിമാനം പറത്തി ചിത്രങ്ങള്‍ പകര്‍ത്തിയ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തതായി സിറ്റി പൊലീസ് സൂപ്രണ്ട് കുന്‍വര്‍ അനുപം സിങ് പറഞ്ഞു. ഇയാള്‍ക്കെതിരെ ഐ.പി.സി 287, 336, 337, 338 എന്നീ വകുപ്പുപള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

സുരക്ഷാ കാരണങ്ങളാലാണ് ഈ നിരോധനം എന്ന് പൊലീസ് അറിയിച്ചു. കൂടാതെ സമീപമുള്ള ഹോട്ടല്‍ ഉടമകളേയും അവരുടെ സംഘടനകളേയും ബന്ധപ്പെട്ട് അവരോട് ഇക്കാര്യങ്ങള്‍ പൊലീസ് വിശദീകരിക്കും. താജ്മഹല്‍ കാണാനെത്തുന്ന വിനോദസഞ്ചാരികളെ ഹോട്ടല്‍ അധികൃതര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കണമെന്ന് പൊലീസ് ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കും.