എ.ഐ ക്യാമറയെ നിരുത്സാഹപ്പെടുത്താന്‍ സാധിക്കില്ല; മോട്ടോര്‍ വാഹനവകുപ്പിനെയും സര്‍ക്കാരിനെയും അഭിനന്ദിക്കണം: ഹൈക്കോടതി
Kerala News
എ.ഐ ക്യാമറയെ നിരുത്സാഹപ്പെടുത്താന്‍ സാധിക്കില്ല; മോട്ടോര്‍ വാഹനവകുപ്പിനെയും സര്‍ക്കാരിനെയും അഭിനന്ദിക്കണം: ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd June 2023, 7:06 pm

കൊച്ചി: നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി എ.ഐ ക്യാമറ ഉപയോഗിക്കുന്നതിനെ അഴിമതിയുടെ പേരില്‍ നിരുത്സാഹപ്പെടുത്താനാകില്ലെന്ന് കേരള ഹൈക്കോടതി. പദ്ധതിയുടെ സുതാര്യത സംബന്ധിച്ച് അഴിമതി ആരോപണങ്ങളുണ്ടാകാം. എന്നാല്‍ ഇവയെ പ്രത്യേകം പരിഗണിക്കണമെന്ന് ജസ്റ്റിസ് കുഞ്ഞികൃഷ്ണന്റെ സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു.

റോഡുകളില്‍ എ.ഐ ക്യാമറ സ്ഥാപിച്ച് മോട്ടോര്‍ വാഹന വകുപ്പിന്റെയും ചട്ടങ്ങളുടെയും ലംഘനം കണ്ടെത്തുന്നതിന് സംസ്ഥാനം ഒരു നൂതന സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ്. ഇതിന് സംസ്ഥാന സര്‍ക്കാരിനെയും മോട്ടോര്‍ വകുപ്പിനെയും അഭിനന്ദിക്കേണ്ടതുണ്ട്. എ.ഐ ക്യാമറ സ്ഥാപിക്കുന്നതിനെതിരെ എവിടെ നിന്നും വിമര്‍ശനം ഉയര്‍ന്നിട്ടില്ല. പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് വരെ വിമര്‍ശനം ഉണ്ടായിട്ടില്ല. അവരും ഇതിനെ സ്വീകരിക്കുകയാണ് ചെയ്തതെന്ന് കോടതി പറഞ്ഞു.

ക്യാമറകളും മറ്റ് ഉപകരണങ്ങളും വാങ്ങുന്നതിലെ തീരുമാനത്തിലെ സുതാര്യത സംബന്ധിച്ച് എതിര്‍പ്പുകള്‍ ഉണ്ടാകാം. അഴിമതി ആരോപണം വരെ ഉയര്‍ന്നിട്ടുണ്ട്. ഇത് പ്രത്യേകം പരിഗണിക്കേണ്ട മറ്റൊരു വിഷയമാണ്. ഇക്കാരണത്താല്‍ മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ച നൂതന സംരംഭത്തെ നിരുത്സാഹപ്പെടുത്താന്‍ സാധിക്കില്ല. ഇത് ഈയടുത്താണ് ഇത് അവതരിപ്പിക്കപ്പെട്ടത്. ചില സാങ്കേതിക തകരാറുകള്‍ ഉണ്ടാകാം. എന്നാല്‍ ഇവ പരിഹരിക്കപ്പെടണം. സാങ്കേതിക വിദ്യയുടെ ഇക്കാലത്ത് റോഡ് നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനുള്ള നൂതനമായ മാര്‍ഗമാണിതെന്നും കോടതി പറഞ്ഞു.

ആരോഗ്യപരമായ കാര്യങ്ങളാല്‍ ഇരുചക്രവാഹനം ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം. ചികിത്സയിലായതിനാല്‍ ഹെല്‍മറ്റ് ധരിക്കാന്‍ കഴിയില്ലെന്നായിരുന്നു ഹരജിക്കാരന്‍ വാദിച്ചത്. എന്നാല്‍ ഇരുചക്ര വാഹനം ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കുന്നതില്‍ നിന്നും ആരെയും ഒഴിവാക്കാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

നേരത്തെ എ.ഐ ക്യാമറ ഇടപാടില്‍ ഭരണത്തിലെ ഉന്നതര്‍ക്കും പങ്കുള്ളതിനാല്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രമേശ് ചെന്നിത്തലയും കോടതിയില്‍ ഹരജി നല്‍കിയിരുന്നു. എ.ഐ ക്യാമറയുമായി ബന്ധപ്പെട്ട് കോടതിയുടെ അനുമതിയില്ലാതെ പണം നല്‍കരുതെന്ന് ഈ ഹരജി പരിഗണിക്കവെ കോടതി പറഞ്ഞിരുന്നു.

റോഡ് ക്യാമറ പദ്ധതിയിലെ മുഴുവന്‍ നടപടികളും പരിശോധിക്കണമെന്ന് ചൊവ്വാഴ്ച ഹൈക്കോടതി പറഞ്ഞിരുന്നു. ഖജനാവിന് നഷ്ടമോ അധിക ബാധ്യതയോ ഉണ്ടായോ എന്ന് കണ്ടെത്തണമെന്നും കോടതി പറഞ്ഞിരുന്നു. കോടതി ഉത്തരവ് നല്‍കുന്നതുവരെയോ മുന്‍കൂര്‍ അനുമതി നല്‍കുന്നതുവരെയോ ക്യാമറ പദ്ധതിയില്‍ പണം നല്‍കരുതെന്നും സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.

Content Highlight: Using AI  cameras for detecting road violations cannot be discouraged: Highcourt