| Saturday, 10th April 2021, 2:31 pm

മാസ്‌കിന് പകരം ഹനുമാന്‍ ചാലിസ ചൊല്ലാറുണ്ട്; കൊവിഡിനെ തുരത്താന്‍ പൂജ നടത്തി മധ്യപ്രദേശ് മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: കൊവിഡ് വ്യാപനം തടയാന്‍ ഇന്‍ഡോര്‍ എയര്‍പോര്‍ട്ടില്‍ പൂജ നടത്തി മധ്യപ്രദേശ് മന്ത്രി. സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി ഉഷ താക്കൂറാണ് പൂജയ്ക്ക് നേതൃത്വം കൊടുത്തത്. മാസ്‌കോ സാമൂഹിക അകലമോ പാലിക്കാതെയാണ് ഇവര്‍ പൂജ സംഘടിപ്പിച്ചത്.

ഇന്‍ഡോറിലെ ദേവി അഹല്യാഭായി എയര്‍പോര്‍ട്ടിലാണ് മന്ത്രിയും സംഘവും പൂജയാരംഭിച്ചത്. എയര്‍പോര്‍ട്ടിലെ ജീവനക്കാരും ഇവരോടൊപ്പം ചടങ്ങില്‍ പങ്കെടുത്തിരുന്നു.

കൊറോണയെ തുരത്താനെന്ന രീതിയിലാണ് എയര്‍പോര്‍ട്ടില്‍ ഇവര്‍ പൂജ സംഘടിപ്പിച്ചത്. മാസ്‌ക് ധരിക്കാതെ പൊതുചടങ്ങില്‍ പങ്കെടുക്കുന്നത് ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകരോട്, താന്‍ എന്നും ഹനുമാന്‍ ചാലിസ ചൊല്ലാറുണ്ടെന്നും തനിക്ക് മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ലെന്നുമാണ് മന്ത്രി പറഞ്ഞത്.

കൊവിഡ് രോഗികള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4882 കേസുകളാണ് മധ്യപ്രദേശില്‍ രേഖപ്പെടുത്തിയത്. ഇതിനോടകം 4000 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു.

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,384 പേര്‍ക്കാണ് കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. മഹാമാരി തുടങ്ങിയതിന് ശേഷമുളള ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കണക്കാണ് ഇത്.

രാജ്യത്ത് രോഗബാധിതരുടെ ആകെ എണ്ണം 1,32,05,926 കോടിയായി ഉയര്‍ന്നതായി കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഏറ്റവും അധികം സജീവ രോഗികളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്ത് എത്തി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Usha Thakur Conducts Pooja To Ward off Covid

We use cookies to give you the best possible experience. Learn more