| Wednesday, 19th May 2021, 12:46 pm

വില്‍പ്പത്രത്തില്‍ ഒരു സെന്റ് പോലും തനിക്കില്ല, എല്ലാം ഗണേഷിന്റെ കള്ളക്കളി; ആരോപണം ആവര്‍ത്തിച്ച് ഉഷ മോഹന്‍ദാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊട്ടാരക്കര: ആര്‍. ബാലകൃഷ്ണപ്പിള്ളയുടെ വില്‍പ്പത്രത്തില്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും അത് ഗണേഷ് കുമാറിന്റെ അറിവോടെയാണെന്നും ആരോപിച്ച് ഗണേഷ്‌കുമാറിന്റെ മൂത്തസഹോദരി ഉഷ മോഹന്‍ദാസ്.

അച്ഛന്‍ ആദ്യം ഒരു വില്‍പ്പത്രം തയ്യാറാക്കിയിരുന്നു. ആദ്യ വില്‍പത്രം റദ്ദാക്കിയത് ഗണേഷിന്റെ കള്ളക്കളിയാണ്. രണ്ടാമത്തേതില്‍ നിന്ന് ഒരു സെന്റ് പോലും തനിക്ക് കിട്ടിയില്ല. അച്ഛന്റെ മുഴുവന്‍ സ്വത്തും ഗണേഷും ബിന്ദുവും കൂടി വിഭജിച്ചെടുത്തെന്നും ഉഷ ആരോപിച്ചു.

തനിക്ക് തന്നെന്ന് പറയുന്നത് അമ്മയുടെ പേരിലുള്ള എസ്റ്റേറ്റ് മാത്രമാണ്. ഇത് അന്യായമാണ് നിയമപരമായി നേരിടും. അച്ഛന്‍ രണ്ടാമത് തയറാക്കിയ വില്‍പത്രമാണ് ഇപ്പോള്‍ പുറത്തുവന്നതെന്നും ഉഷ ആരോപിക്കുന്നു.

കോടികണക്കിനുള്ള സ്വത്തില്‍ നിന്ന് തനിക്ക് 5 സെന്റുപോലും ലഭിച്ചിട്ടില്ല. ആവശ്യമായ തെളിവ് തന്റെ പക്കലുണ്ട്. മുഖ്യമന്ത്രിയെ കണ്ടിരുന്നുവെന്നും ഉഷ മോഹന്‍ദാസ് പറഞ്ഞു.

അതേസമയം ഗണേഷ്‌കുമാറിന് പിന്തുണയുമായി ഇളയസഹോദരി ബിന്ദു ബാലകൃഷ്ണന്‍ രംഗത്ത് എത്തിയിരുന്നു. വില്‍പ്പത്രം പൂര്‍ണമനസോടെ തന്റെ അച്ഛന്‍ മാസങ്ങള്‍ക്ക് മുമ്പ് എഴുതിവെച്ചതാണെന്നും ഗണേഷിന്റെയോ മറ്റാരുടെയോ ഇടപെടല്‍ അതില്‍ ഉണ്ടായിരുന്നില്ലെന്നും ബിന്ദു പറഞ്ഞു.

അച്ഛന്‍ മരിച്ചിട്ട് 16 17 ദിവസമാകുന്നതെയുള്ളു. വിവാദങ്ങളിലേക്ക് അച്ഛനെ വലിച്ചിഴയ്ക്കരുതെന്നും ബിന്ദു ബാലകൃഷ്ണന്‍ പറഞ്ഞു. നേരത്തെ കെ.ബി ഗണേഷ്‌കുമാറിനെതിരെ ആരോപണങ്ങളുമായി സഹോദരി ഉഷ മോഹന്‍ദാസ് മുഖ്യമന്ത്രിയെ സമീപിച്ചെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

മരണത്തിന് മുമ്പ് ബാലകൃഷ്ണ പിള്ളയെഴുതിയ വില്‍പ്പത്രത്തില്‍ ക്രമക്കേട് നടന്നെന്നാണ് ഉഷ പറയുന്നത്. ഗണേഷിന്റെ മൂത്ത സഹോദരി ഉഷ മോഹന്‍ദാസും മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് മോഹന്‍ദാസും ഈ പരാതിയുമായി മുഖ്യമന്ത്രിയേയും കോടിയേരി ബാലകൃഷ്ണനേയും കണ്ടെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍.

ഈ ഘട്ടത്തില്‍ ഗണേഷിനെ മന്ത്രിയാക്കുന്നത് മന്ത്രിസഭയുടെ പ്രതിഛായക്ക് കളങ്കമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഗണേഷിനെ ആദ്യ ടേമില്‍ മന്ത്രിസ്ഥാനം നല്‍കാതിരുന്നതെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

അതേസമയം ഉഷ മോഹന്‍ദാസിന്റെ ആരോപണങ്ങള്‍ തള്ളിയ സാക്ഷി പ്രഭാകരന്‍ പിള്ള രംഗത്ത് എത്തിയിരുന്നു. ഗണേഷിന് വില്‍പ്പത്രത്തെ കുറിച്ച് അറിവില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Usha Mohandas reiterates the allegation KB Ganeshkumar and Usha balakrishnan

We use cookies to give you the best possible experience. Learn more